അമ്മയുടെ ചൂടും ചൂരുമേല്ക്കാതെ കുഞ്ഞു റിവര്‍ മരണത്തിന് കീഴടങ്ങി ; തടവുകാരിയായ മാതാവില്‍ നിന്നും വേര്‍പെടുത്തി പിഞ്ചു കുഞ്ഞിന് ഫിലിപ്പീന്‍സ് വിധിച്ചത് മരണം ; പ്രതിഷേധം കത്തുന്നു
അമ്മയുടെ ചൂടും ചൂരുമേല്ക്കാതെ കുഞ്ഞു റിവര്‍ മരണത്തിന് കീഴടങ്ങി ; തടവുകാരിയായ മാതാവില്‍ നിന്നും വേര്‍പെടുത്തി പിഞ്ചു കുഞ്ഞിന് ഫിലിപ്പീന്‍സ് വിധിച്ചത് മരണം ; പ്രതിഷേധം കത്തുന്നു
Authored by Web Desk | Last updated: 17 Oct 2020, 2:07 PM | 3 min read
മനില: തടവുകാരിയായ അമ്മയുടെ ചൂടില്‍ നിന്നും വേര്‍പെടുത്തപ്പെട്ട് പുറത്തേക്ക് അയയ്ക്കപ്പെട്ട പിഞ്ചുകുഞ്ഞ് മരണമടഞ്ഞ സംഭവത്തില്‍ ഫിലിപ്പീന്‍സില്‍ പ്രതിഷേധം കത്തുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക റെയ്ന മായി നാസിനോയുടെ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സിലെ നീതിന്യായ സംവിധാനത്തിനും ജയില്‍ അധികൃതര്‍ക്കും എതിരേയാണ് രോഷം കത്തുന്നത്. അമ്മയില്‍ നിന്നും വേര്‍പെടുത്തപ്പെട്ട് രണ്ടു മാസം കഴിഞ്ഞ് കഴിഞ്ഞയാഴ്ചയായിരുന്നു നാസിനോയുടെ നവജാത ശിശു റിവര്‍ മരണപ്പെട്ടത്.
മനിലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 23 കാരി നാസിനോ താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. പോലീസ് റെയ്ഡില്‍ മറ്റു രണ്ടു സമരക്കാര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ എത്തി അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ആദ്യജീവന്റെ തുടിപ്പ് കുരുക്കുന്ന വിവരം നാസിനോ അറിയുന്നത്. കാദാമനിയിലെ നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി പൊരുതുന്ന മനുഷ്യാവകാശ സംഘടനയിലെ അംഗമായ നാസിനോ 2019 നവംബറിലാണ് അറസ്റ്റിലായത്. ഇവര്‍ താമസിക്കുന്ന ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡ് നടത്തുകയായിരുന്നു.
സ്ഫോടകവസ്തുക്കളും ആയുധങ്ങളും അനധികൃതമായി സൂക്ഷിച്ചെന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ കുറ്റം നിഷേധിച്ച മൂവരും ഇടതു ആശയമുള്ള പ്രവര്‍ത്തകരെ കുടുക്കാന്‍ അധികൃതര്‍ തന്നെ കൊണ്ടു വെച്ചതാണ് ആയുധങ്ങളെന്നാണ് ആരോപിച്ചിട്ടുള്ളത. ജയില്‍ എത്തുമ്പോള്‍ വയറ്റില്‍ കുഞ്ഞും വളരുകയായിരുന്നു. കസ്റ്റഡിയിലെ പ്രസവം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. ദൈര്‍ഘ്യമേറിയ നിയമനടപടികള്‍ക്കും അതിവേഗം പടരുന്ന കോവിഡ് ആശങ്കകള്‍ക്കും ഇടയില്‍ നാസിനോയുടെ മോചനത്തിനായി അഭിഭാഷകരും മനുഷ്യവകാശ പ്രവര്‍ത്തകരുമെല്ലാം ഇടപെട്ടു.
രാഷ്ട്രീയ തടവുകാര്‍ക്ക് കിട്ടുന്ന താല്‍ക്കാലിക ഇളവിന്റെ ഭാഗമായി ഏപ്രിലില്‍ 22 രാഷ്ട്രീയ തടവുകാര്‍ക്കൊപ്പം നാസിനോയെ പ്രസവത്തിനായി ആദ്യം മോചിപ്പിച്ചു. മനിലാ സിറ്റി ജെയിലിലെ ആശുപത്രിയില്‍ ജൂലൈ 1 നായിരുന്നു റിവര്‍ മാസിനോയുടെ ജനനം. ഭാരക്കുറവുമായിട്ടാണ് അവള് പിറന്നതെങ്കിലും കുറേ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മനിലയിലെ സിറ്റി ജയിലിലേക്ക് അമ്മയും മകളും എത്തി. ജയിലല്‍ അവരുടെ കുഞ്ഞു മുറിയില്‍ താമസവും തുടങ്ങി. എന്നാല്‍ ഈ സമാഗമത്തിന് അധികം നാള് ഉണ്ടായിരുന്നില്ല. ഫിലിപ്പീന്‍സിലെ നിയമം അനുസരിച്ച് കസ്റ്റഡിയില്‍ കുട്ടികളെ അമ്മയ്ക്കൊപ്പം ആദ്യ മാസം മാത്രം കഴിയാനെ അനുവദിക്കാറുള്ളു. കുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റുന്ന നാളുകള്‍ വന്നു തുടങ്ങി.
നവജാത ശിശുവിന് മാതാവിന്റെ സാമീപ്യം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന തിരിച്ചറിഞ്ഞ മനുഷ്യാകാശ പ്രവര്‍ത്തകര്‍ മാസിനോയെയും കുഞ്ഞിന്റെയും മോചനത്തിനായി മുറവികളികള് ശക്തമാക്കി. സുപ്രീംകോടതിയുടെ ഗേറ്റില്‍ നീല റിബ്ബണ്‍ കെട്ടി. അവര്‍ റിവറിന് വേണ്ടി നിന്നു. മെഴുകുതിരി തെളിച്ചു. നാസിനോയുടെ മാതാവ് ലിം തുടര്‍ച്ചയായി അധികൃതര്‍ക്ക് കത്തെഴുതുകയും കുട്ടിയുടെ ചിത്രം അയയ്ക്കുകയും ചെയ്തു. കുഞ്ഞിന് അമ്മയുടെ പരിചരണം ഏറ്റവും ആവശ്യമുള്ള സമയമാണ് ഇതെന്ന് നാസിനോയുടെ പ്രസവം എടുത്ത ആശുപത്രി വരെ ആവശ്യപ്പെട്ടു.
ഒന്നും കോടതിയും ജയില്‍ അധികൃതരും ചെവിക്കൊണ്ടില്ല. അവര്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ട് പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്ന നടപടി തുടര്‍ന്നു. ആഗസ്റ്റ 13 നായിരുന്നു കുഞ്ഞു റിവറിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തിയത്. 70 കാരനായ രാഷ്ട്രീയ തടവുകാരന് ഭര്‍ത്താവിന്റെ മോചനത്തിനായി പ്രതിഷേധം തുടരുന്ന മുത്തശ്ശി ലിമ്മിന്റെ കൈകളിലേക്കാണ് റിവര്‍ എയത്തിയത്്. കരളലിയിക്കുന്നതായിരുന്നു നാസിനോയുടെ അവസ്ഥ.
കുഞ്ഞിനെ കൊടുക്കാന്‍ അവള് തയ്യാറല്ലായിരുന്നു. തന്നോടൊപ്പം കുഞ്ഞിനെ അനുവദിക്കാന്‍ ഇതിനകം അനേകം തവണ അവര്‍ അപേക്ഷിച്ചിരുന്നു. കണ്ണീരോടെ അവള് നിന്നു. തടവുകാര്‍ക്കിടയിലേക്ക് കോവിഡ് ബാധ പടരുന്ന സാഹചര്യം ആയിരുന്നതിനാല്‍ സഹതടവുകാരെ പോലും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അവര്‍ക്ക് ഫോണിലൂടെയെ നാസിനോയുമായി ബന്ധപ്പെടാനായിരുന്നുള്ളൂ.
അമ്മയില്‍ നിന്നും മാറ്റിയതിന് തൊട്ടുപിന്നാലെ കുഞ്ഞുറിവറിന്റെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. അവള്‍ക്ക് അതിസാരം ബാധിച്ചെന്ന് ലിം പറയുന്നു. സെപ്തംബര്‍ 24 ന് സ്ഥിതി വളരെ മോശമായതോടെ റിവറിനെ ആശുപത്രിയിലാക്കി. കുഞ്ഞിന്റെ അരികില്‍ മാതാവിനെ അടിയന്തിരമായി എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിട്ടും നാസിനോയ്ക്ക് അനുവാദം നിഷേധിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച നിമോണിയ ബാധിച്ചു റിവര്‍ ഒടുവില്‍ ജീവന് വേണ്ടി പൊരുതി മരണത്തിന് കീഴടങ്ങുമ്പോള്‍ വെറും മൂന്ന് മാസമായിരുന്നു അവള്‍ക്ക് പ്രായം.
കുഞ്ഞിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച പ്രാദേശികകോടതി നാസിനോയ്ക്ക് മൂന്ന് ദിവസത്തെ ഇളവ് നല്കി. എന്നാല്‍ ജയില്‍ അധികൃതര്‍ ഈ മൂന്ന ദിവസവും നാസിനോയ്ക്ക് അനുവദിച്ചത്. വെറും മൂന്ന് മണിക്കൂറാക്കി വെട്ടിച്ചുരുക്കി ആയിരുന്നു. അന്ത്യചുംബനം നല്കാന് കൊണ്ടുവന്നത് പോലും വിലങ്ങണിയിച്ചായിരുന്നു. അമ്മയുടെ ചൂടും ചൂരും ഏല്ക്കാതെ അമ്മിഞ്ഞപ്പാല് നിഷേധിക്കപ്പെട്ട റിവറിന്റെ മരണം ഫിലിപ്പീന്‍സിന്റെ മനസ്സാക്ഷിയെയ്ക്കൊപ്പം ലോത്തെ ഒന്നാകെ പൊള്ളിച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ റിവറിനോടും അമ്മയോടുമുള്ള സഹതാപ പ്രളയമാണ്.
കസ്റ്റഡിയിലുള്ള അമ്മമാരുടെ കാര്യം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഫിലിപ്പീന്‍സിലെ നിയമസംവിധാനത്തിന് എതിരേ ജനരോഷം കത്തുകയാണ്്. നീതിന്യായ വ്യവസ്ഥയോടാണ് എല്ലാവര്ക്കും ദേഷ്യം. കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ ഒരു ഭിന്നലിംഗക്കാരിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ മറീനുകള്‍ക്ക് പൊതുമാപ്പ് കൊടുത്ത് വിട്ടയച്ചത് അടുത്തിടെയായിരുന്നു. കൊലപാതകിക്ക് വരെ മോചനം നല്‍കിയിട്ടും മരിക്കാന്‍ കിടന്ന കുഞ്ഞിനെ കാണാന്‍ നാസിനോയെ അനുവദിക്കാത്ത നീതി പീഠത്തെ ജനങ്ങള്‍ പുച്ഛിക്കുകയാണ.. നീതി തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് മാത്രമെന്നായിരുന്നു ചിലര്‍ ട്വിറ്ററില്‍ പരിഹസിച്ചത്.