
ക്രേറ്റ എസ്യുവി -യുടെ ഇതുവരെയുള്ള മൊത്തം കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ). ക്രേറ്റയടക്കമുള്ള മോഡലുകൾ 88 രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് കയറ്റുമതി ചെയ്യുന്നത്. ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലെ ശാലയിൽ ആണ് നിർമിക്കുന്നത്.
ക്രേറ്റ 2015 ലാണ് വിപണിയിലെത്തിയത്, ആഗോളതലത്തിൽ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം പറഞ്ഞു. ഉയർന്ന ഗുണമേന്മായുള്ള മോഡലുകൾ ആഭ്യന്തര, വിദേശ വിപണികൾക്കായി നിർമിക്കാൻ ചെന്നൈ ശാലയ്ക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത രാജ്യങ്ങൾക്കായി കഴിഞ്ഞ വർഷം 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ് എച്ച് എം ഐ എൽ കയറ്റുമതി ചെയ്തത്.
ഹ്യുണ്ടേയ് ഇന്ത്യൻ നിർമിത വാഹനങ്ങൾ ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും നോർത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.രാജ്യത്തെ കാർ നിർമാതാക്കളിൽ കയറ്റുമതിയിൽ ആദ്യ സ്ഥാനവും കമ്പനിക്കാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള മൊത്തം വാഹന കയറ്റുമതി മാസങ്ങൾക്കു മുമ്പ് 30 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടേയിക്കു കഴിഞ്ഞു.കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ 26% വിഹിതമാണ് ഹ്യുണ്ടേയ് അവകാശപ്പെടുന്നത്.






