
മുലപ്പാല് വിറ്റ് ലക്ഷങ്ങള് സമ്പാദിച്ച കഥയാണ് യുഎസിലെ ഫ്ലോറിഡ സ്വദേശിയായ ജൂലി ഡെന്നിസിന് പറയാനുള്ളത്. 2019മുതല് മുലപ്പാല് വിറ്റ് താന് 14 ലക്ഷം രൂപയിലധികം സമ്പാദിച്ചുവെന്നാണ് ജൂലി പറയുന്നത്. മുലപ്പാല് വില്ക്കുക മാത്രമല്ല സ്വന്തം ഗര്ഭപാത്രം ജൂലി വാടകയ്ക്ക് നല്കുകയും ചെയ്യുന്നുണ്ട്. മിനിമം 443 ലിറ്റര് പാല് ഓരോ മാസവും ജൂലി ശേഖരിക്കും. തുടര്ന്ന് ഫ്രീസറില് സൂക്ഷിക്കുന്ന പാല് ഐസ് ബോക്സിലാക്കി ആവശ്യക്കാര്ക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
2019 ഓഗസ്റ്റില് ഒരു ദമ്പതികള്ക്കായി ജൂലി കുഞ്ഞിന് ജന്മം നല്കിയിരുന്നു. കുഞ്ഞിന് ആറുമാസം പ്രായമായപ്പോള് കുഞ്ഞിനെ ഈ ദമ്പതികള്ക്ക് കൈമാറി. കുഞ്ഞിനെ നല്കിയതോടെ മുലപ്പാലിന്റെ ആവശ്യം ഇല്ലാതായി. ഇതോടെ പാല് വില്ക്കാനായി ജൂലി തീരുമാനിക്കുകയായിരുന്നു. പാല് ഉല്പാദിപ്പിക്കുന്നത് ഒരു മുഴുവന് സമയ ജോലിയായതോടെ ന്യായമായ വില വാങ്ങാനും ജൂലി തീരുമാനിക്കുകയായിരുന്നു. എന്നാല് ഇതിന്റെ പേരില് സമൂഹമാധ്യമങ്ങളില് അപമാനങ്ങള് നേരിട്ടതായും അവര് വ്യക്തമാക്കി. എന്നാല് തന്റെ ഈ തീരുമാനത്തെ കുറിച്ച് ജൂലി തന്നെ വ്യക്തമാക്കുന്നു.
'' എനിക്ക് ആരോഗ്യമുള്ള ഒരു ഗര്ഭപാത്രവും ധാരാളം പാലും ഉണ്ട്. ഞാന് അത് ഉപയോഗിക്കുന്നു. അതില് എന്താണ് തെറ്റ്?. പൂര്ണമായും ഇതൊരു ലാഭക്കച്ചവടവും അല്ല. ഒരുപാട് സമയമെടുത്ത് നടക്കുന്ന ജോലിയാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയം പോലും ജോലിക്കായി മാറ്റി വയ്ക്കാറുണ്ട്. ഉപയോഗത്തിനു ശേഷം പമ്പിംങ് യന്ത്രത്തിന്റെ ഭാഗങ്ങള് വൃത്തിയാക്കാനും പാല് പ്ലാസ്റ്റിക്ക് ബാഗുകളില് നിറയ്ക്കാനും അണുമുക്തമാക്കാനും ഒരുപാട് സമയവും പണവും ചിലവഴിക്കേണ്ടി വരുന്നു.
കുഞ്ഞുങ്ങളുടെ ഭക്ഷണം കടകളില് നിന്നും സൗജന്യമായി നമുക്ക് ലഭിക്കാറില്ല. പിന്നെ എന്തിനാണ് മുലപ്പാല് മാത്രം സൗജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്? അതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഞാന് ചിലവഴിക്കുന്ന പണത്തിനും സമയത്തിനും ഈ വേതനം കുറവാണ്. പരമാവധി എട്ടാഴ്ചയോളം മാത്രമാണ് പമ്പിംങ് ഉപകരണത്തിന്റെ ഭാഗങ്ങള് ഉപയോഗിക്കുക. അതിനു ശേഷം പുതിയവ ഘടിപ്പിക്കണം. കൂടാതെ ബാഗുകളുടെ വിലയടക്കം കയ്യില് നിന്നാണ് നല്കുന്നത്. ചില പുരുഷന്മാര് എന്നോട് മോശമായി പെരുമാറി. പാല് എന്റെതാണെന്ന് ഉറപ്പു വരുത്താനായി വിഡിയോയും ഫോട്ടോകളും അയക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്.'' - ജൂലി പറയുന്നു.







Comments