തൃശൂർ : കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവ് കേസ് പ്രതി ഷെമീറിന് ക്രൂരമർദ്ദനമേറ്റതായി ഭാര്യ സുമയ്യ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
ഷെമീറിന് നേരിടേണ്ടി വന്നത് അതിക്രൂര മർദനമായിരുന്നെന്നു സുമയ്യ പറയുന്നു. കഴിഞ്ഞ 30നാണു ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ ഹോസ്റ്റലിൽ വെച്ച് മർദനമേറ്റത്. അടുത്ത ദിവസം ഷെമീർ മരിക്കുകയും ചെയ്തു.
താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്നരാക്കി നിർത്തിയെന്നും ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദിച്ചതായും അവർ പറഞ്ഞു.
കൂടാതെ, ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചെന്നും അവർ പറഞ്ഞു. ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽ ആയിരുന്നു. മർദിക്കരുത്, അപസ്മാരമുണ്ടെന്നു പോലീസ് ജയിൽ അധികൃതരെ അറിയിച്ചിരുന്നു, എന്നാൽ ഇത് അവരെ ചൊടിപ്പിക്കുകയാണുണ്ടതെന്നും ഇതിന്റെ പേരിലും ക്രൂര മർദ്ദനം ഷെമീറിന് ഏൽക്കേണ്ടി വന്നുവെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.






