
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണുവമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍. സി.ബി.ഐ, നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളാണ് ബോംബെ ഹൈക്കോടതിയില്‍ ഇക്കാര്യമറിയിച്ചത്. വിവിധ ഏജന്‍സികള്‍ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ആണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
സുശാന്ത് സിംഗിന്റെ മരണത്തില്‍ മാധ്യമ വിചാരണ നടക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സികള്‍ നിലപാട് അറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ വിവരങ്ങള്‍ പോലും ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുവെന്ന് കാണിച്ചാണ് വിരമിച്ച പോലീസുകാരുടെ ഒരു സംഘം കോടതിയെ സമീപിച്ചത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്ന്നുകിട്ടുന്നുണ്ടോതെന്ന് വ്യക്തമാക്കണമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്തരവാദിത്തങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഏതെങ്കിലും ഏജന്‍സിയില്‍ നിന്ന് ഏതെങ്കിലും വിവരം ചോര്‍ന്നുവെന്ന സംശയം വേണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറുപടി നല്കി.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവിധ കേസുകളാണ് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിക്കുമ്പോള്‍ ലഹരിമരുന്ന് സംഘങ്ങളുടെ ഇടപെടലുകളാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പരിശോധിക്കുന്നു. റിയ ചക്രബര്‍ത്തി ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് ആണ് എന്‍ഫോഴ്്സ്മെന്റ് കേസ് അന്വേഷിക്കുന്നത്.
ചീഫ് ജസ്റ്റീസ് ദീപാങ്കര്‍ ദത്ത, ജസ്റ്റീസ് ജി.എസ് കുല്‍ക്കര്‍ണി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 'മാധ്യമങ്ങള്‍ മുന്‍കാലങ്ങളില്‍ നിഷ്പക്ഷമായിരുന്നു. ഇപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിയന്ത്രണത്തിന്റെ കാര്യമില്ല. പരിശോധനയുടെയും സന്തുലിതാവസ്ഥയുടെയും കാര്യമാണ്. എവിടെയാണ് പരിധി നിശ്ചയിക്കേണ്ടതെന്ന് ആളുകള്‍ മറക്കുന്നു. പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കൂ' കേസ് പരിഗണിക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചു. ഹര്‍ജിയില്‍ വാദം അടുത്തയാഴ്ച വീണ്ടും കേള്‍ക്കും.
ജൂണ്‍ 14ന് മുംബൈയിലെ വസതിയിലാണ് സുശാന്ത് സിംഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.






