
തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. ടിപ്പർ ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.
അപകടത്തിന് പിന്നാലെ അപകടകാരണമായ ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് നല്‍കിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹന വകുപ്പ് കൂടുതല്‍ പരിശോധനകളിലേക്ക് നീങ്ങുകയാണ്. കൊല്ലം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. രാവിലെ 7 മുതല്‍ 10 വരെയും 3.30 മുതല്‍ 5 വരെയും നിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം.






