
തിരുവനന്തപുരം: വര്‍ക്കലയില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തിൽ യുവതിയെ തീകൊളുത്തി കൊന്ന ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയെയാണ് ഭർത്താവ് ദീപുവും മാതാവും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയത്.
പൊള്ളലേറ്റ് ചികില്‍സയിലിരിക്കെ നിഷ മരിച്ചു. സ്ത്രീധനത്തിന്റെ പേരിലാണ് ഈ ക്രൂരത നടന്നതെന്ന് പോലീസ് പറയുന്നു. ദീപു നിഷയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നിഷയെ കഴിഞ്ഞ വര്‍ഷമാണ് ദീപു വിവാഹം കഴിച്ചത്.
വെള്ളിയാഴ്ചയാണ് ദീപുവും മാതാവും ചേർന്ന് നിഷയെ പൊള്ളലേൽപിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ സുഭദ്രയെയും അറസ്റ്റ് ചെയ്തു. ഇവരാണ് കേസിലെ ഒന്നാം പ്രതി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






