അലഹാബാദ്: ഉത്തര്‍പ്രദേശില്‍ വ്യാപകമായി ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹാബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. നിരപരാധികളെ കുടുക്കാന്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ഏത് മാംസം പിടിച്ചാലും അത് ഗോമാംസമാണെന്ന് വരുത്തിത്തീര്‍ക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. ഫോറന്‍സിക് പരിശോധനയ്ക്ക് പോലും മുമ്പാണ് ഇത്തരത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പശുവിനെ കൊന്നുവെന്നും ബീഫ് കൈവശം വച്ചുവെന്നും ആരോപിച്ച് അറസ്റ്റ് ചെയ്ത റഹ്മുദീന്‍ എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. റഹ്മുദീനെ മാംസം കണ്ടെടുത്ത സ്ഥലത്ത് നിന്നല്ല അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആറില്‍ അത്തരം പരാമര്‍ശമില്ലെന്നും അഭിഭാഷന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് റഹ്മുദീന്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.






