
ലോകത്തെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ ബ്രൂണെ സുല്‍ത്താന്‍ ഹസ്സനാല്‍ ബോല്ക്കിയയുടെ മകനും ആഡംബരപ്രിയനുമായ അസീം രാജകുമാരന് 38 ാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. ഹോളിവുഡിലെ എ ലിസ്റ്റിലുള്ള താരങ്ങള്‍ അടക്കമുള്ളവരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന പ്ളേബോയി പരിവേഷമുള്ള അസീം കരളിന് സംഭവിച്ച കാന്‍സര്‍ബാധയെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. മരണത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജഭരണവും അധികാരവും കയ്യാളുന്നതിനേക്കാള്‍ രാജ്യാന്തര വേദികളില്‍ പ്രസിദ്ധരായ വ്യക്തിത്വങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും അതുവഴി സെലിബ്രിട്ടിയായി നിറഞ്ഞു നില്‍ക്കാനും എന്നും താല്‍പ്പര്യപ്പെട്ടിരുന്ന അസീമിന്റെ ജീവിതവും വര്‍ണ്ണക്കാഴ്ചയായിരുന്നു. മഡോണ, മൈക്കല്‍ ജാക്സന്, സഹോദരി ജാനറ്റ്, പമേലാ ആന്ഡേഴ്സണ്, മരിയാകാരി, സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ തുടങ്ങി സിനിമയിലെയും സംഗീത രംഗത്തെയും അന്താരാഷ്ട്ര മുഖങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവരുമായി തോളുരുമ്മി നിന്ന് ചിത്രങ്ങള്‍ എടുക്കാനും അസീം വ്യഗ്രത കാട്ടിയിരുന്നു.
ബ്രൂണെയില്‍ സ്വവര്‍ഗ്ഗ പ്രണയവും വ്യഭിചാരവും കുറ്റകരവും അത്തരം കുറ്റങ്ങള്‍ക്ക് കല്ലെറിഞ്ഞു കൊല്ലുന്നത് പോലെയുള്ള പ്രാകൃതശിക്ഷ നടപ്പാക്കുമ്പോള്‍ വിദേശത്ത് ഹോളിവുഡ് സുന്ദരിമാരുമായി കമ്പനി കൂടുന്നതിലായിരുന്നു അസീമിന് കമ്പം. സുല്‍ത്താന്റെ രണ്ടാമത്തെ മകനായ അസീം അവിവാഹിതനാണ്. വന്‍തുകകള്‍ ചെലവഴിച്ച് താരസുന്ദരികളെ പങ്കെടുപ്പിന്ന് ലാവിഷ് പാര്‍ട്ടികള്‍ നടത്താനും വിലകൂടിയ സമ്മാനങ്ങളും മറ്റും നല്‍കിയുമെല്ലാം ആഡംബര ജീവിതം നയിക്കാന്‍ അസീം ഇഷ്ടപ്പെട്ടിരുന്നു.
യൗവ്വന കാലം മുതല്‍ ഹോളിവുഡിലെ എ ലിസ്റ്റ് താരങ്ങളും നായികമാരും ആയിട്ടായിരുന്നു ചങ്ങാത്തം. ലെയ്ട്ടന്‍ പാര്‍ക്കിലെ ബെര്‍ക്ക്ഷെയര്‍ പബ്ലിക്ക് സൂളിലെ പഠനത്തിന് ശേഷം ഓക്സ്ഫോര്‍ഡ് ബ്രൂക്സ് സര്‍വകലാശാലയില്‍ രാഷ്ട്രതന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കാന്‍ ചേര്‍ന്ന ശേഷം കിരീടാവകാശിയായി മാറുന്നതിന് പകരം ഹോളിവുഡിലെ നായികമാരുമായി ബന്ധം ഉണ്ടാക്കുന്നതിലേക്കാണ് ശ്രദ്ധിച്ചത്.
ബ്രൂണെ ദ്വീപിനേക്കാള്‍ കൂടുതല്‍ സമയം അസീം ചെലവഴിച്ചിരുന്നത് വിദേശത്തായിരുന്നു. പമേലാ ആന്‍ഡേഴ്സണേയും മഡോണയേയും മരിയാ കാരിയേയും ജോവാന് കോളിന്സിനെയും പോലെയുള്ള താരങ്ങളുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്ന അസീം ഹോളിവുഡില്‍ നിര്‍മ്മാതാവായും മുഖം കാട്ടിയിട്ടുണ്ട്. 2014 ല്‍ ഹിലാരി സ്വാങ്ക് നായികയായ യു ആര് നോട്ട് യൂ 2018 ല്‍ ഹാപ്പി പ്രിന്‍സ്, ചാര്‍ളിസ് തെറോണിന് ഒപ്പം ഡാര്‍ക്ക് പ്ളേസ് തുടങ്ങിയ സിനിമകള്‍ക്കായി പണം മുടക്കി. അസീം ബോല്‍ക്കിയ എന്ന പേരിലായിരുന്നു സിനിമകള്‍ നിര്‍മ്മിച്ചത്.
അഞ്ച് ബില്യണ്‍ ഡോളര്‍ സ്വത്തുള്ള അസീമിന് സെലിബ്രിട്ടികളെ സുഹൃത്തുക്കളാക്കാന്‍ പണമൊഴുക്കി. ഹോളിവുഡിലെ താര സുന്ദരികളെ പങ്കെടുപ്പിച്ച് അത്യാഡംബര വിരുന്നുകള്‍ നടത്തി. വിരുന്നിന് അവസാനം വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നതും പതിവാക്കി. 20,000 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ നല്കി. റിയാലിറ്റി ടെലിവിഷന്‍ താരം ജെയ്ഡ് ഗുഡിയുമായി ഏറെ അടുപ്പം ഉണ്ടായിരുന്നു. മൂന്ന് മില്യണ്‍ ഡോളര്‍ ചെലവാക്കി ജേഡ് ഗുഡിക്ക് മോതിരം നല്‍കിയത് വാര്‍ത്തയായിരുന്നു. പാട്ടുകാരി മരിയാ കെയ്രിക്ക് 5.7 ദശലക്ഷം ഡോളറിന്റെ നെക്ലേസ് വാങ്ങിക്കെടുത്തതും അമേരിക്കന്‍ ഗായകന് അഷറിന്റെ ലണ്ടനിലെ ഷോയ്ക്കായി തനിക്കും സുഹൃത്തുക്കള്‍ക്കുമായി 20 സീറ്റുകള്‍ ബുക്ക് ചെയ്തതും വാര്‍ത്തയായിരുന്നു.
ബ്രൂണെ സുല്‍ത്താന്റെ ബ്രൂണെയിലെ 1,700 മുറികളുള്ള കൊട്ടാരത്തില്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാജകുമാരന് ജീവിതത്തിലെ ഭൂരിഭാഗവും ചെലവിട്ടത് സുല്‍ത്താന്റെ ആഡംബര വസതികളില്‍ ഒന്നായാ കെന്സിംഗടണ് പാലസ് ഗാര്‍ഡനിലായിരുന്നു. മകനെ മിലിട്ടറി ഓഫീസറാക്കാന്‍ ഉദ്ദേശിച്ചിരുന്ന പിതാവ് റോയല്‍ മിലിട്ടറി അക്കാദമി സാന്ഡ്ഹര്സ്റ്റിലേക്ക് ഒമ്പതു മാസ ഓഫീസറാകാനുള്ള പരിശീലനത്തിന് അയച്ചിരുന്നു. എന്നാല്‍ ഒരാഴ്ച മാത്രമാണ് രാജകുമാരന് അവിടെ നിന്നത്. ഹോളിവുഡില്‍ ഭാഗികമായി ഇടപെട്ടിരുന്ന അസീം ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
എംസിഎം ബ്രാന്റിനൊപ്പം യുണിസെക്സ് ബാഗുകള്‍ നിര്‍മ്മിച്ച് ഫാഷന്‍ മേഖലയില്‍ അസീം നടത്തിയ ഇടപെടലില്‍ ഇതില്‍ നിന്നും കിട്ടുന്ന വരുമാനം മുഴുവന്‍ മെയ്ക്ക് എ വിഷ് എന്ന ജീവകാരണ്യ സംഘടനയ്ക്കാണ് പോകുന്നത്. ഗായകനും കഥയെഴുത്തുകാരനുമൊക്കയായിരുന്നു. അദ്ദേഹത്തിന്റെ സ്കാന്‍ഡലസ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടില്ല. നല്ല ഗായകനായിരുന്നെങ്കിലൂം വേദിയില്‍ പാടാന്‍ സഭാകമ്പമായിരുന്നു.
മകന്റെ മരണത്തെ തുടര്‍ന്ന് ഏഴു ദിവസത്തെ ദു:ഖാചരണമാണ് ബ്രൂണെ സുല്‍ത്താന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെയാണ് ബ്രൂണെ സര്‍ക്കാര്‍ അസീം രാജകുമാരന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണകാരണം കൃത്യമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ഏതാനും നാളായ കരളിന് കാന്സര്ബാധിതനായതിനെ തുടര്‍ന്ന് അസീം ചികിത്സയിലായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. മരണത്തില്‍ അയല്‍ രാജ്യങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിന്റെയും ഇന്തോനേഷ്യയുടേയുമെല്ലാം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.