
മലയാളിയുടെ ചുണ്ടില്‍ എന്നും തങ്ങിനില്ക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച, നമ്മുടെ പ്രണയ വിപ്ലവ ഭാവങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ മാനം പകര്‍ന്ന വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേയ്ക്ക് 45 വര്‍ഷം.
കാല്‍പ്പനികത തുളുമ്പുന്ന വയലാറിന്റെ കവിതയും സിനിമാ-നാടക ഗാനങ്ങളും മലയാളിക്ക് അനശ്വരമായിത്തീരുകയും അവ തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പടരുകയും ചെയ്യുന്നു. 1957ല്‍ അദ്ദേഹം രചിച്ച ബലികുടീരങ്ങളേ... എന്ന് തുടങ്ങുന്ന ഗാനം വയലാര്‍ വരികളുടെ തീക്ഷ്ണത ചൂണ്ടിക്കാട്ടുന്നു.
അതുവരെ തുടര്‍ന്നുവന്ന സാമ്പ്രദായിക രചനകളുടെ പോളിച്ചെഴുത്തുകള്‍ കൂടിയായിരുന്നു വയലാറിന്റേത്്്. സൗന്ദര്യാത്മക തലത്തില്‍ നിന്നുകൊണ്ട് സാമൂഹ്യ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുവാനും സാമൂഹിക അനീതികളോട് തന്റെ രചനകൡലൂടെ നിരന്തരം കലഹിക്കുവാനും അദ്ദേഹം മടിച്ചില്ല.
1961ല്‍ 'സര്‍ഗ്ഗസംഗീതം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്കി സംസ്ഥാനവും 1974ല്‍ 'നെല്ല്', 'അതിഥി' എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീത രചയിതാവിനുള്ള സുവണ്ണപ്പതക്കം നല്കി കേന്ദ്രവും അദ്ദേഹത്തെ ആദരിച്ചു. മൂന്ന് ദശാബ്ദക്കാലം മലയാള കാവ്യരംഗത്ത് സജീവസാന്നിദ്ധ്യമായിമാറിയ വയലാര്‍ 1947 ഒക്ടോബര്‍ 27ന് നമ്മെ വിട്ടുപിരിഞ്ഞു.






