
തിരുവനന്തപുരം : നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു രഹസ്യ വിവരം നൽകിയ ആൾക്കുള്ള പ്രതിഫലം 45 ലക്ഷം രൂപ. പകുതി തുക കൈമാറിയതായാണ് വിവരം. എന്നാൽ ഇയാളുടെ വിവരങ്ങൾ അതീവ രഹസ്യമായി കസ്റ്റംസ് സൂക്ഷിക്കും.
ഗ്രാമിന് 150 രൂപ എന്ന കണക്കിലാണ് കസ്റ്റംസ് പ്രതിഫലം നൽകുക. ഇതുപ്രകാരം വ്യക്തിക്കു 22.50 ലക്ഷം രൂപ കൈമാറിയെന്നാണു സൂചന.
കസ്റ്റംസ് കമ്മിഷണർക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തത്. പ്രതിഫലമായി നൽകുന്ന ഈ തുകയ്ക്കു നികുതിയും ബാധകമല്ല. ബാക്കി തുക കേസ് നടപടി പൂർത്തിയായ ശേഷമായിരിക്കും കൈമാറുക.






