
ന്യൂഡല്‍ഹി: വീഡിയോയിലൂടെ തങ്ങളുടെ ദുരിതം സമൂഹത്തിന് മുന്നിലെത്തിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയ യൂട്യൂബര്‍ക്കെതിരെ വൃദ്ധ ദമ്പതികള്‍. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന പേരില്‍ ഭക്ഷണശാല നടത്തിവരുന്ന 80-കാരനായ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബര്‍ ഗൗരവ് വാസനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്നും ജീവിക്കാന്‍ വഴിയില്ലെന്നും പൊട്ടിക്കരഞ്ഞതിന് പിന്നാലെ ഇവരെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. മണിക്കൂറുകള്‍ കച്ചവടം ചെയ്തിട്ടും അമ്പതു രൂപയാണ് തനിക്ക് ലഭിച്ചതെന്നു പറയുന്ന എണ്‍പതുകാരനായ കാന്താപ്രസാദിന്റെ വീഡിയോ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കടയില്‍ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
എന്നാലിപ്പോള്‍ തങ്ങള്‍ക്കുള്ള സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന് ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസന് സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്കി സംഭാവന സ്വീകരിച്ചുവെന്ന് കാന്ത പ്രസാദ് പരാതിയില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവന് തനിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






