
ന്യൂഡല്‍ഹി : ഓസ്ട്രേലിയുമായിട്ടുള്ള മത്സരത്തില്‍ നിന്നും രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് വീരേന്ദര്‍ സെവാഗ്. ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള പിടിപ്പുകേടാണ് രോഹിത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്നാണ് വീരു പറയുന്നത്.
രോഹിത്ത് കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ കളിച്ചു. താന്‍ ഫിറ്റാണ് എന്ന് അവന് തന്നെ പറയുന്നു. പിന്നെന്തുകൊണ്ടാണ് താരത്തെ ടീമില്‍ എടുക്കാത്തത്. ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ തയ്യാറായ ഒരു താരത്തെ എന്തുകൊണ്ട് ഇന്ത്യക്കായി കളിക്കാന്‍ തിരഞ്ഞെടുക്കുന്നില്ല എന്നതാണ് എനിക്ക് മനസ്സിലാകാത്തത്. ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള പിടിപ്പുകേടാണ് ഇത് ചൂണ്ടിക്കാട്ടുന്നത്' എന്നും സെവാഗ് വ്യക്തമാക്കി.
രോഹിത്തിന് ഫിറ്റ്നസ് ഇല്ല എന്നതാണ് ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞത്. താരത്തെ പിന്നീട് ഓസ്ട്രേലിയയിലേക്ക് അയക്കും എന്ന സൂചനയും നല്‍കിയിരുന്നു ദാദ.
എന്നാല്‍ രോഹിത്തിന് എന്താണ് പറ്റിയതെന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല. രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് വ്യക്തത ആവശ്യമാണെന്ന് സെവാഗ് നേരത്തെ പറഞ്ഞിരുന്നു. രോഹിത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. രോഹിത്തിന് സുഖമില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അദേഹം വിശ്രമമെടുക്കകയല്ലേ വേണ്ടത്? എന്നാല്‍ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സിന്റെ കളി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ കാണാം. മാത്രമല്ല അദേഹം പരിശീലനവും നടത്തുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് രോഹിത്തിന് ഒരു കുഴപ്പവുമില്ലെന്നാണ്' എന്നായിരുന്നു അന്ന് വീരുവിന്റെ വാക്കുകള്‍.





