
കല്‍പ്പറ്റ: ഏറ്റുമുട്ടലിനിടെ പെെട്ടന്ന് രക്ഷപ്പെടാന്‍ മാവോയിസ്റ്റുകളെ തുണച്ചത് പടിഞ്ഞാറത്തറ ബാണാസുര മീന്മുട്ടി വനമേഖലയിലെ മലഞ്ചെരിവാണെന്ന് പോലീസ്. കൊല്ലപ്പെട്ട വേല്‍മുരുകന്റെ ത്രീ നോട്ട് ത്രീ റൈഫിളില്‍ നിന്നുതിര്‍ന്ന ഒരു വെടി ലക്ഷ്യം കാണാതെപോയതും കാഞ്ചി വലിച്ചിട്ടും രണ്ടു വെടിയുണ്ടകള്‍ പൊട്ടാതെ പോയതുമാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിനു രക്ഷയായതെന്നും പോലീസ്.
സംഭവസ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്ത പോലീസ് സേനാവിഭാഗങ്ങളുടെ നിഗമനമാണിത്. വേല്‍മുരുകന്റെ തോക്കിലെ വെടിയുണ്ടയുടെ ഒഴിഞ്ഞ ഒരു റൗണ്ടും പൊട്ടാത്ത രണ്ടു റൗണ്ടുകളും സംഭവസ്ഥലത്തുനിന്നു കിട്ടിയതായി ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലോഡ് ചെയ്ത റൗണ്ടുകള്‍ കാഞ്ചി വലിച്ചിട്ടും പൊട്ടാതെപോയത് തോക്കിന്റെ കുഴപ്പം കൊണ്ടാണെന്നാണ് തോക്ക് പരിശോധിച്ച ബാലിസ്റ്റിക് വിദഗ്ധരുടെ നിഗമനം.
ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ആളാണ് വേല്മുരുകന്. ത്രീ നോട്ട് ത്രീ റൈഫിളില്‍ ഒരു തവണ വെടിപൊട്ടിയാല്‍ രണ്ടാമത് വെടിവയ്ക്കാന്‍ വീണ്ടും ലോഡ് ചെയ്യണം. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ കൈയിലുള്ളത് തുരുതുരാ വെടിയുതിര്‍ക്കാവുന്ന യന്ത്രത്തോക്കുകളാണ്. ബാണാസുര മലനിരകളുടെ ഭാഗമായ മീന്മുട്ടി വനത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് വെടിവയ്പ് നടന്നത്.
പോലീസ് സംഘത്തില്‍ 18 പേരും മാവോയിസ്റ്റ് സംഘത്തില്‍ ആറുപേരുമായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസ് സംഘം മലമുകളിലെത്തി എതിര്‍ദിശയില്‍ ചെരുവിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ ദിശയില്‍നിന്ന് കയറ്റം കയറി വരുന്ന മാവോയിസ്റ്റുകളെ കണ്ടത്. വേല്മുരുകനായിരുന്നു മുമ്പില്‍. മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തെന്നാണ് പോലീസ് സംഘം മേലുദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
മലഞ്ചെരിവ് തുടങ്ങുന്ന സ്ഥലത്താണ് വേല്മുരുകന് മരിച്ചുകിടന്നത്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ തുടരെ വെടിയുതിര്‍ത്തപ്പോള്‍ വേല്‍മുരുകന്റെ പിന്നാലെയുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ മലഞ്ചെരിവിലേക്കു മറയാന്‍ കഴിഞ്ഞു. നിരപ്പായ സ്ഥലമായിരുന്നേല് കൂടുതല്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു വീണേനേ. പോലീസിന്റെ വെടിയുണ്ടകള്‍ പരിസരത്തെ മരങ്ങളിലെല്ലാം ആഴത്തില്‍ തുളഞ്ഞുകയറിയിട്ടുണ്ട്.






