
മോസ്ക്കോ: രണ്ടു ദശകമായി റഷ്യന്‍ ഭരണത്തില്‍ തുടരുന്ന വ്ളാഡിമര്‍ പുടിന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്ക്കിന്സണ് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ പുടിനോട് സ്ഥാനമൊഴിയാന്‍ പെണ്മക്കളും കാമുകിയും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നതായിട്ടാണ് വിവരം. ഈ വര്‍ഷം അവസാനിക്കുന്നതോടെ പുടിന് സ്ഥാനമൊഴിയുമെന്നും രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുകാര്യങ്ങളില്‍ നിന്നും മാറി നിന്നേക്കുമെന്നുമാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.
2021 ജനുവരിയില്‍ തന്നെ അധികാര കൈമാറ്റം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഒരുപക്ഷേ പുടിന് പ്രഖ്യാപിച്ചേക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. അടുത്തിടെയാണ് പുടിന് പാര്ക്കിന്സണ് രോഗം കണ്ടെത്തിയത്. വസ്തുക്കളില്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാര്ക്കിന്സണ് രോഗം സ്ഥിരീകരിച്ചത്്. പുടിന്റെ കാമുകി 37 കാരി അലീന് കബേവയും രണ്ടു പെണ്മക്കളും പുടിനോട് കസേരയൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
20 വര്‍ഷമായി റഷ്യയെ നയിക്കുന്ന പുടിന്റെ കാലുകള്‍ വിറയ്ക്കുന്നതിന്റെ ഫൂട്ടേജുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനൊപ്പം കസേരയിലെ ആംറെസ്റ്റിലും മറ്റും അമര്‍ത്തുമ്പോള്‍ അദ്ദേഹം വേദന സഹിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. പേനയും മറ്റും പിടിക്കുമ്പോള്‍ വിരലുകള്‍ വിറ കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്മക്കളായ 35 കാരി മരിയാ വെരോന്സോവ, 34 കാരി കാതറീനാ ടിക്കാനോവ എന്നിവര്‍ പുടിന് കസേര ഒഴിയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മോസ്ക്കോയിലെ രാഷ്ട്രീയ നിരീക്ഷകന് പ്രൊഫസര്‍ വാലറി സൊളോവിയും വ്യക്തമാക്കിയിരുന്നു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റുമാരെ ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്നും ആജീവനാന്തം ഒഴിവാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്നതിനിടയിലാണ് പുടിന്റെ രാജി സംബന്ധിച്ച ഊഹാപോഹങ്ങള്‍ എന്നതാണ് ശ്രദ്ധേയമാകുന്നത്. ഇത്തരം കാര്യങ്ങള്‍ മറ്റു രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും സൊളോവി പറയുന്നു.






