
വിനാശകാലേ വിപരീത ബുദ്ധി എന്നത് പഴക്കമുള്ള ചൊല്ലാണ്. രാജ്യത്തിനു മുഴുവന്‍ പരിചിതം. എന്നാലിത് ലോകശ്രദ്ധയിലെത്തിയത് ലോക് നായക് ജയപ്രകാശ് നാരായണന് ഉരുവിട്ടപ്പോഴാണ്; ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയില്‍. ഇതിപ്പോള്‍ ഓര്‍മിക്കാന്‍ കാരണം മുംബൈയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിയെ മഹാരാഷ്്രട പോലീസ് അറസ്റ്റ് ചെയ്തതു കണ്ടപ്പോഴാണ്.
നേരം പുലരുംമുമ്പ് ഒരു വലിയ സംഘം പോലീസ് പരിസരം മുഴുവന്‍ വളയുന്നു, വീട്ടിലേക്ക് ഇടിച്ചുകയറുന്നു. നേതൃത്വമേകാന്‍ ഏറ്റുമുട്ടല്‍ വിദഗ്ദ്ധനായി അറിയപ്പെടുന്ന ഓഫീസറും. എന്നിട്ട് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ്- ഹിന്ദി വാര്‍ത്താ ചാനലുകളുടെ മേധാവിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്നു. അസാധാരണമായ നടപടി. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് എവിടെയാണ്, എങ്ങനെയാണ് എന്നതാണിത് കാണിച്ചുതരുന്നത്.
അര്‍ണാബിന്റെ അറസ്റ്റ് കണ്ടപ്പോള്‍ മനസില്‍ ഓടിയെത്തിയത് രണ്ടുമൂന്ന് സംഭവങ്ങളാണ്. ജയലളിതയുടെ പോലീസ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതാണ് അതിലൊന്ന്. മറ്റൊന്ന് കേരളത്തില്‍ നിലക്കല്‍ സമരകാലത്ത് ജന്മഭൂമി മുഖ്യ പത്രാധിപരും ന്യൂസ് എഡിറ്ററും മറ്റും അറസ്റ്റിലായത്.
പി. നാരായണനും പുത്തൂര്‍മഠം ചന്ദ്രനും. അര്‍ധരാത്രി കഴിഞ്ഞാണ് ഇരുവരെയും അവരുടെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചി നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി, അന്നത്തെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു എന്നൊക്കെയാണ് അവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ആരോ പന്തം കൊളുത്തി പ്രകടനം നടത്തിയതിന് പത്രാധിപര്‍ അറസ്റ്റിലാവുന്നു.
മറ്റൊന്ന്, അടിയന്തരാവസ്ഥക്കാലത്തെതാണ്. ജന്മഭൂമി പത്രത്തിന്റെ പ്രസാധകന്, പത്രാധിപര്‍ എന്നിവരുടെ അറസ്റ്റ്. അന്ന് കാഴ്ചശേഷി അത്രനന്നായി ഇല്ലാത്ത, വന്ദ്യ വയോധികനായ പി.വി.കെ. നെടുങ്ങാടിയായിരുന്നു പത്രാധിപര്‍; അദ്ദേഹത്തിന്റെ കണ്ണ് കറുത്ത തുണി ഉപയോഗിച്ച് കെട്ടിയിട്ടാണ് കൊണ്ടുപോയത്.
കണ്ണു കെട്ടണ്ട, കണ്ണട എടുത്തുമാറ്റിയാല്‍ ഒന്നും കാണില്ല എന്ന് തമാശയായി നെടുങ്ങാടി അപ്പോള്‍ പറഞ്ഞതോര്‍ക്കുന്നു. യു ദത്താത്രേയ റാവു എന്ന മുതിര്‍ന്ന ജനസംഘം നേതാവായിരുന്നു പ്രസാധകന്. അവരെല്ലാം അന്ന് ഭീകരമായ മര്‍ദനത്തിന് ഇരയായി.
ദേശീയതലത്തില്‍ രാമനാഥ ഗോയങ്കയും കുല്‍ദീപ് നയ്യാരും ബിജി വര്‍ഗീസും ജനാര്‍ദ്ദന്‍ താക്കൂറും കെ.ആര്. മല്ക്കാനിയുമൊക്കെ ആ ദുരന്തം അനുഭവിച്ചവരാണ്. അവര്‍ പക്ഷെ ഏകാധിപത്യത്തിനെതിരേ പടവെട്ടി.
മുംബൈയിലെ പ്രശ്നം
നാളുകളായി അര്‍ണാബിനെയും അദ്ദേഹത്തിന്റെ ചാനലുകളെയും കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമൊക്കെ എതിര്‍ത്തുപോരുകയാണ്. ഈ ചാനലുകള്‍ ബി.ജെ.പി. പക്ഷത്തു നില്ക്കുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ താന്‍ ദേശീയതയുടെയും രാജ്യത്തിന്റെയും പക്ഷത്താണെന്ന് അര്‍ണാബ് പറയുന്നു. പല്‍ഘറില്‍ രണ്ടു ഹിന്ദു സന്ന്യാസിമാര്‍ തെരുവില്‍ മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ ആ ചാനല്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തുള്ള കുടുംബത്തെ വല്ലാതെ പ്രകോപിപ്പിച്ചത്. ഈ ചാനല്‍ അടച്ചുപൂട്ടുമെന്ന് അവരുടെ വക്താക്കള്‍ പറഞ്ഞു. അതിനായി ഓരോ കേസുകള്‍ തപ്പിയെടുക്കുന്നു. ബാര്‍ക് റേറ്റിങ് പ്രശ്നത്തില്‍ അവരെ പിടികൂടാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. ആ ന്യൂസ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന പത്രാധിപ സമിതി അംഗങ്ങള്ക്കെതിരെയെല്ലാം കേസ് ചുമത്തുന്ന അത്യപൂര്‍വമായ കാഴ്ചയും കണ്ടു. അതുകഴിഞ്ഞ് ചാനലിലെ ടെക്നിക്കല്‍ ജീവനക്കാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടുന്നു, കമ്പ്യൂട്ടറുകളുടെ ലോഗ് ഇന്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നു. പിന്നെ വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നു കാണിച്ച് നോട്ടീസ്. ഇതൊക്കെ ചെയ്തത് മുംബൈ പോലീസ് ആണെന്നോര്‍ക്കുക. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ടോ? എന്റെ ഓര്‍മ്മയിലില്ല. കേട്ടുകേള്വിഇല്ലാത്തതാണ്, പ്രാകൃതമാണ്.
മാധ്യമ സ്വാതന്ത്ര്യമെന്നത് ഈ രാജ്യത്തു കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടുന്ന ഒന്നാണല്ലോ. അതില്‍ ചെറിയ പോറല്‍ പോലുമേല്‍ക്കരുത് എന്നതാണ് ഏത് കാലത്തും സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള നിലപാട്. കോടതികള്‍ സ്വീകരിച്ചിട്ടുള്ള സമീപനവും വ്യത്യസ്തമല്ല. അടിയന്തരാവസ്ഥയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വേണ്ടത്ര ജാഗ്രത കോടതികള്‍ പുലര്‍ത്താറുമുണ്ട്. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണുതാനും. എന്നാല്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ല. ദേശവിരുദ്ധ പ്രവര്‍ത്തനം, തട്ടിപ്പ് ഇതൊക്കെ കുലത്തൊഴിലാക്കിയവരെ സമൂഹത്തില്‍ കാണാറുണ്ടല്ലോ. അവരില്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകരുടെ മേലങ്കി അണിയുന്നതും കണ്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കോടതിയും പോലീസുമൊക്കെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചല്ലേ പറ്റൂ. പക്ഷെ, മുംബൈയില്‍ സംഭവിച്ചതെന്താണ്? രണ്ടുവര്‍ഷം മുന്‍പ് നടന്ന ഒരു ആത്മഹത്യ; അതിന്റെ പേരില്‍ ഒരു കേസ്. ഈ ചാനലിന്റെ ഓഫീസിലെ ചില ജോലികള്‍ ചെയ്ത കരാറുകാരനാണ്; അയാള്‍ക്ക് പണം വിചാരിച്ചത്ര കിട്ടിയില്ലത്രേ. ഒരാളെ മാത്രമല്ല വേറെയും ചില സ്ഥാപനങ്ങളും കബളിപ്പിച്ചതായി ഇയാള്‍ക്ക് ആക്ഷേപമുണ്ട്. അര്‍ണാബിനെതിരായ കേസ് തീര്‍പ്പാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിപ്പോള്‍ പൊടിതട്ടിയെടുത്ത് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ന്യൂസ് ചാനലുകളുടെ മേധാവിയെ കുടുക്കാന്‍ ശ്രമിക്കുന്നത് പ്രതികാര ലക്ഷ്യത്തോടെയും രാഷ്്രടീയ പ്രേരിതവുമല്ലെങ്കില് പിന്നെന്താണ്? അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ അദ്ദേഹത്തെ ആക്രമിച്ചത്രേ; ബന്ധുക്കളെ വീട്ടില്‍വെച്ച് കൈകാര്യം ചെയ്തെന്നും കാണുന്നുണ്ട്. ഒരു ഭരണകൂടം എത്രത്തോളം അധഃപതിക്കാം എന്നതാണിത് കാണിച്ചുതരുന്നത്.
മാധ്യമ സ്വാതന്ത്ര്യവും 118 എയും
നാലാം തൂണാണ് മാധ്യമങ്ങള്‍ എന്നതാണല്ലോ നമ്മുടെ ഒരു സങ്കല്പം. ഇവിടെ നാം കാണുന്നത് ഒരു ഭരണകൂടത്തെ, ഒരു വിഭാഗത്തിന്റെ രാഷ്ട്രീയത്തെ, ശക്തിയുക്തം എതിര്‍ക്കുന്ന ഒരു മാധ്യമ ഗ്രുപ്പിനെ തകര്‍ക്കുന്ന സമ്പ്രദായമാണ്. എന്താണ് അര്‍ണബിനെതിരായ നീക്കത്തിന്റെ കാരണമെന്നത് മഹാരാഷ്ട്രയില്‍ ഭരണകൂടത്തോടു ചേര്‍ന്നു നില്ക്കുന്ന ഒരു പ്രമുഖ നേതാവ് പറഞ്ഞത് ഒളിക്യാമറയിലൂടെ ലോകം കണ്ടു. അത് ഒരു അജണ്ടയാണ്; തങ്ങളെ എതിര്‍ക്കുന്നവരെ നിലനിര്‍ത്തില്ലെന്ന പ്രഖ്യാപനം. ഇതുതന്നെയാണല്ലോ അടിയന്തരാവസ്ഥയില്‍ നടന്നത്. ആ കാലഘട്ടത്തില്‍ ആരാണോ അതൊക്കെ ചെയ്തത് അവര്‍ തന്നെയാണ് ഇപ്പോഴും ഇതിനൊക്കെ ചൂട്ട് പിടിക്കുന്നത്; കോണ്‍ഗ്രസുകാര്‍.
ഇത്തരം നീക്കങ്ങള്‍ക്കെതിരേ നില്‍ക്കുന്നവരാണ് തങ്ങളെന്നു കൊട്ടിഘോഷിക്കാറുള്ള സി.പി.എമ്മും മറ്റും പക്ഷെ ഇതിനേക്കാള്‍ വലിയ പാതകത്തിനാണ് ഒരുക്കം നടത്തിയിട്ടുള്ളത്. ആര്‍ക്കെതിരെയെങ്കിലും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയോ ആക്ഷേപിക്കുകയോ ചെയ്താല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്ന വിധത്തിലാണ് കേരള സര്‍ക്കാര്‍ പോലീസ് ആക്റ്റ് ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. പോലീസ് ആക്ടില്‍ 118എ തുന്നിച്ചേര്‍ത്തുകൊണ്ടാണ് ആ നീക്കം. അത് ഓര്‍ഡിനന്‍സ് ആയി കൊണ്ടുവരുമത്രെ. ഒരു ഹൈക്കോടതി പരാമര്‍ശം ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍. ആ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുമോ എന്നതൊക്കെ കണ്ടറിയണം. സമൂഹ മാധ്യമങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നു എന്നതാണ് അജണ്ട എങ്കിലും അത് എല്ലാവരെയും ബാധിക്കും; ഏത് പത്രാധിപരെയും പിടിച്ചു ജയിലിലടയ്ക്കാന്‍ പോലീസിന് അനുമതി ലഭിക്കുന്ന വിധത്തിലാണ് ഈ നിയമ ഭേദഗതി. ഒരാള്‍ ഒരു പ്രസ്താവന അഥവാ പ്രസംഗം നടത്തിയാല്‍ അത് പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേരും. വാര്‍ത്തയില്‍ തെറ്റ് വന്നാല്‍ പരിഹാരത്തിന് ഇന്നിപ്പോള്‍ ഒരു സംവിധാനമുണ്ടല്ലോ; കോടതിയില്‍ പോകാം, സിവില്‍- ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ കേസ് കൊടുക്കാം. എല്ലാ പത്രാധിപന്മാരും അത്തരം കേസുകള്‍ക്കൊക്കെ വിധേയമാവാറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍. ആക്ഷേപം ഉയര്‍ന്നാല്‍ പോലീസിനു നേരിട്ടു കൈകാര്യംചെയ്യാന്‍ അവസരമൊരുക്കുന്നു. അവര്‍ക്ക് നേരിട്ട് അറസ്റ്റ് ചെയ്യാം. ജയിലില്‍ അടയ്ക്കാം. അപകടകരമാണിത്, സംശയമില്ല.
കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു; ഇത്തവണ പൊതുസമ്മേളനങ്ങള്‍ക്ക് സാധ്യത കുറവാണല്ലോ. സ്വാഭാവികമായും സോഷ്യല്‍ മീഡിയ ഈ തിരഞ്ഞെടുപ്പില്‍ വലിയ റോള്‍ വഹിക്കും. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആരൊക്കെയാണ് കൂരമ്പ് കൊള്ളുക എന്നത് പറഞ്ഞറിയിക്കേണ്ടതില്ല. ഓരോദിവസവും എന്തൊക്കെയാണ് പുറത്തുവരുന്നത്; അതായത് വിമര്‍ശനങ്ങള്‍ തടയാനുള്ള ഒരു കവചമെന്ന നിലയ്ക്കാണ് കേരളത്തിലെ ഭരണക്കാര്‍ ഈ നിയമത്തിലൂടെ പോലീസിനെ ഉപയോഗിക്കാന്‍ പോകുന്നത്. ഏതാണ്ട് ഇതൊക്കെത്തന്നെയാണ് മഹാരാഷ്്രടയില്‍ കാണുന്നതും. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമാണ് അപകടത്തിലാകുന്നത് എന്നത് കാണാതെ പോകരുത്.
കെ.വി.എസ്. ഹരിദാസ്





