
വാഷിംഗ്ടണ്‍: അമേരിക്ക ഇപ്പോഴും പ്രസിഡന്റ് ആരെന്ന ഉറപ്പിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാല്‍ അടുത്ത കോണ്‍ഗ്രസില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് ഒരു കുറവും കാണില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഇത്തവണ അമേരിക്കന്‍ സഭയിലേക്ക് എത്തുന്നത് 131 സ്ത്രീകളാണ്. ഡെമോക്രാറ്റുകളില്‍ നിന്നും 100 പേരും റിപ്പബ്ലിക്കന്മാരായി 31 സ്ത്രീകളും രാജ്യത്തിന്റെ 117 ാം കോണ്‍ഗ്രസില്‍ എത്തിച്ചേരും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതും പുതിയ റെക്കോഡാണ്. ഇതോടെ കോണ്‍ഗ്രസിലെ സ്ത്രീ സാന്നിദ്ധ്യം 30 ശതമാനമായി.
2019 ലെ കോണ്‍ഗ്രസില്‍ 127 വനിതാ പ്രതിനിധികളാണ് എത്തിയ റെക്കോഡാണ് ഇതോടെ പിന്നിലാകുന്നത്. യുഎസ് പ്രതിനിധി സഭയില്‍ 106 വനിതകള്‍ എത്തും. 83 ഡെമോക്രാറ്റുകളും 23 റിപ്പബ്ലിക്കന്‍ പ്രതിനിധികളും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 85 പേര് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 21 പേരാണ് പുതിയതായി എത്തുന്നത്. വീണ്ടും തെരഞ്ഞെടുക്കെപ്പട്ടവരില് ദി സ്ക്വാഡ് എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘമായ ന്യൂയോര്‍ക്കില്‍ നിന്നുള്ള അലക്സാണ്ട്രിയ ഒക്കാഷ്യോ കോര്‍ട്ടസ്, മിനസോട്ടയിലെ ഇഹാന്‍ ഒമറും മസ്സാച്യുവറ്റ്സിലെ അയാന്ന പ്രസ്ലിയും മിഷിഗണിലെ റഷീദാ ളൈബും പെടും.
സംയുക്ത വംശീയതയില്‍ നിന്നു വരുന്ന മൂന്ന് പേരെയും സഭയിലേക്ക് അയച്ച് ന്യൂ മെക്സിക്കോ സ്ത്രീ കൂട്ടായ്മയില്‍ പുതിയ റെക്കോഡും ഇട്ടു. മെക്സിക്കന്‍ വംശീയതയില്‍ പെടുന്ന ലഗൂണ പ്യൂബ്ളേ സമൂഹത്തില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ഡെബ് ഹാലാന്റ്, അമേരിക്കന്‍ ഗോത്ര വിഭാഗമായി പരിഗണിക്കപ്പെടുന്ന ചെറോക്കി നേഷന്റെ ഭാഗമായ റിപ്പബ്ലിക്കന്‍ പ്രതിനിധി വെട്ടേ ഹെരല്‍, ലാറ്റിനോ വിഭാഗത്തിലെ തെരേസ ലെഗര്‍ ഫെര്‍ണാണ്ടസ് എന്നിവരെയാണ് കളേഴ്സ് വിഭാത്തില്‍ നിന്നും ന്യൂ മെക്സിക്കോ തെരഞ്ഞെടുത്തു വിട്ടത്.
അമേരിക്കന്‍ ചരിത്രത്തില്‍ കളേഴ്സ് വിഭാഗത്തില്‍ എല്ലാവരേയും ആദ്യമായി അയച്ചത് 1990 ല്‍ ഹവായ് ആയിരുന്നു. ഇന്ന് രാത്രി ന്യൂ മെക്സിക്കോയിലെ ജനങ്ങള്‍ ഭയത്തിന് മുകളില്‍ പ്രതീക്ഷയേയും വിദ്വേഷത്തിന് മുകളില്‍ സ്നേഹത്തേയും വിഭാഗീകതയ്ക്ക് മുകളില്‍ സമൂഹത്തെയും തെരഞ്ഞെടുത്തെന്നായിരുന്നു ഹാലാന്റ് ട്വിറ്ററില്‍ വ്യാഴാഴ്ച കുറിച്ചത്. ഈ രാത്രി താന്‍ വീണ്ടും കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, വംശീയ തുല്യത, ആരോഗ്യം, സാമ്പത്തിക നീതി എന്നിവയിലേക്ക് രാജ്യത്തെ നയിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിനായി താന്‍ വീണ്ടും പ്രതിജ്ഞാബദ്ധമായെന്നും അവര്‍ കുറിച്ചു.
2018 ല്‍ പ്യൂബ്ളോ ലഗൂണായില് നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ എന്ന നിലയില്‍ ഹാലാന്റ് ചരിത്രം കുറിച്ചിരുന്നു. സെനറ്റില്‍ ഇതുവരെ 25 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2019 ലെ റെക്കോഡിന് ഒപ്പമെത്താന്‍ ഇനി ഒരാള്‍ കൂടി മതി. കമലാഹാരിസ് വൈസ് പ്രസിഡന്റ് ആകുകയോ റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്ള ജോര്‍ജ്ജിയയില്‍ ജനുവരി 5 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുകയോ ചെയ്താല്‍ മതി. നേരത്തേ അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന ആദ്യ പ്രസിഡന്റാകാന്‍ ഒരുങ്ങുകയാണ് ജോ ബൈഡന്.






