
ദുബായ് : ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് കപ്പുയര്‍ത്തി. ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്. അഞ്ചാം കിരീടമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈയെ സഹായിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സായിരുന്നു.
എന്നാല്‍ രോഹിത്ത് ഏറ്റവും കൂടുതല്‍ കടപ്പാട് ഉള്ളത് മുംബൈ താരം സൂര്യകുമാർ യാദവിനോടാണ്. ഇല്ലാത്ത റണ്ണിനായി ഓടിയ രോഹിത്ത് പുറത്താകാതെ യാദവ് സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. നിസ്വാർഥമായ പ്രവൃത്തിയാണ് സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. ഇതിനാൽ തന്നെ ഈ റണ്ണൗട്ടിന്റെ പേരിൽ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടുകയാണ് സൂര്യകുമാർ യാദവ്.
ആർ. അശ്വിനെറിഞ്ഞ 11-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് രോഹിത് മിഡ് ഓഫിലേക്ക് കളിച്ച രോഹിത് റണ്ണിനായി ഓടി. ഡൽഹി ഫീൽഡർ പ്രവീൺ ദുബെ പന്തിനടുത്തേക്ക് വരുന്നത് കണ്ട സൂര്യകുമാർ യാദവ് ക്യാപ്റ്റനെ വിലക്കിയെങ്കിലും അപ്പോഴേക്കും രോഹിത് ബൗളിങ് ക്രീസിലെത്തിയിരുന്നു. രോഹിത്തിന്റെ വിക്കറ്റ് ഡൽഹി ഉറപ്പിച്ച സമയത്താണ് സൂര്യകുമാർ യാദവ് സ്വയം ക്രീസ് വിട്ടിറങ്ങി ക്യാപ്റ്റനെ സുരക്ഷിതനാക്കി മടങ്ങിയത്.
യാദവ് റണ്ണൗട്ടായി മടങ്ങുമ്പോൾ സങ്കടം കാരണം രോഹിത് ക്രീസിൽ ഇരിക്കുന്നതും കാണാമായിരുന്നു. രോഹിത് ശർമയുടെ സാന്നിധ്യമാണ് ആ സമയത്ത് ടീമിന് ആവശ്യമായിരുന്നത് എന്നതിനാലാണ് താൻ വിക്കറ്റ് ത്യജിക്കാൻ തയ്യാറായതെന്ന് മത്സര ശേഷം സൂര്യകുമാർ യാദവ് പ്രതികരിക്കുകയും ചെയ്തു.


