
കൊല്‍ക്കത്ത: അന്തരിച്ച ഇതിഹാസ ബംഗാളി താരം സൗമിത്ര ചാറ്റര്‍ജിയെ അനുസ്മരിച്ച് വിഖ്യാത സംവിധായകന് സത്യജിത്ത് റേയുടെ മകനും സംവിധായകനുമായ സന്ദീപ് റേ. ഒരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് സന്ദീപ് റേ പറഞ്ഞു.
എനിക്ക് ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ടു. അദ്ദേഹം എന്റെ പിതാവുമായി അത്രയേറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. അച്ഛന് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന് നല്കി. അഷാനി സാകേതിലെ ഗംഗാചരണിന്റെ വേഷമാണ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട കഥാപാത്രം. ആ പ്രോജക്ടില്‍ അദ്ദേഹം അത്ര ആത്മാര്‍ത്ഥയോടെയാണ് സഹകരിച്ചിരുന്നത്. യൂണിറ്റില്‍ ജോലിക്കാരുടെ കുറവുണ്ടാകുമ്പോള്‍ ട്രോളി തള്ളാന്‍ വരെ അദ്ദേഹം തയ്യാറായിരുന്നു- സന്ദീപ് റേ പറഞ്ഞു.
സത്യജിത്ത് റേയുടെ ലോകപ്രശസ്ത സിനിമകളുടെ ഭാഗമായിരുന്ന സൗമിത്ര ചാറ്റര്‍ജി ഞായറാഴ്ചയാണ് അന്തരിച്ചത്. 85 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പിന്നീട് കോവിഡ് മുക്തനായെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.
കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിച്ചു.
61 വര്‍ഷം നീണ്ട കരിയറില്‍ മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യജിത് റേയുടെ പ്രശസ്തമായ അപ്പു ത്രയം സിനിമകളിലെ അപുര്‍ സന്‍സാര്‍ (അപ്പുവിന്റെ ലോകം) ആണ് ആദ്യ സിനിമ. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം, ദേശീയ അവാര്‍ഡ്, പത്മഭൂഷന്‍, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം. ഫ്രാന്‍സിന്റെ ഷെവലിയര്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സൗമിത്ര ചാറ്റര്‍ജിയുടെ മരണം സംഭവിച്ച ഉടന്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരിട്ട് ആശുപത്രിയില്‍ എത്തി. ചരിത്രത്തിന്റെ ഒരേടാണ് അവസാസിക്കുന്നതെന്ന് മമത പറഞ്ഞു. അദ്ദേഹം ഒരു നടന് മാത്രമായിരുന്നു മനുഷ്യരുടെ നിരവധി പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള നിരവധി മുന്നേറ്റങ്ങളില്‍ അദ്ദേഹം ഭാഗമായിരുന്നുവെന്നും മമതാ ബാനര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.







Comments