
ന്യൂഡല്‍ഹി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പുതിയ പ്രസിഡന്റിന്റെ കീഴില്‍ ഇന്ത്യ- യു.എസ് ബന്ധം ഊട്ടിഉറപ്പിക്കേണ്ടതിന്റെ അനിവാര്യത ചൊവ്വാഴ്ച രാത്രി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കിയെന്ന് മോഡി ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ കമല ഹാരീസിന്റെ വിജയത്തില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും മോഡി ട്വീറ്റ് ചെയ്തു. ഇന്തോ-യു.എസ് തന്ത്രപ്രധാന പങ്കാളിത്തവും കൊവിഡ് 10 മഹാമാരി, കാലാവസ്ഥ വ്യതിയാനം, ഇന്ത്യേ-പസഫിക് മേഖലയിലെ സഹകരണം അടക്കമുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങളും ആശങ്കകളും പങ്കുവച്ചതായും മോഡി വ്യക്തമാക്കി.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരീസിനെ തന്റെ അഭിനന്ദനം അറിയിക്കുന്നു. അവരുടെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവുമാണെന്നും മോഡി പറഞ്ഞു.






