
പിന്നാക്ക ജില്ലകളിലെ നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവുമായാണ് അരുണാചല്‍ പ്രദേശിലെ ചാങ്ലാങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാന്‍ഷ് യാദവ് മുന്നിട്ടിറങ്ങിയത്. ഇതിനായി അദ്ദേഹം ട്വിറ്ററിലൂടെയുള്ള ക്രൗഡ്ഫണ്ടിങ് പ്രയോജനപ്പെടുത്തുകയായിരുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരിയും ഡല്‍ഹി യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥിനിയുമായ ബുന്നെം തങ്ഹയെ തന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ഇദ്ദേഹം ആദ്യം തന്നെ ചേര്‍ത്തു.
തങ്ഹയുടെ സഹായത്തോടെ ആറ് വിദ്യാര്‍ഥികളെ കണ്ടെത്തുകയും അതില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്ലസ്ടുവിന് 89.4 ശതമാനം ലഭിച്ചിട്ടും തുടര്‍ പഠനത്തിന് പോകാന്‍ സാധിക്കാതിരുന്ന ലോങ്സാം സാപോങ്ങായിരുന്നു അതില്‍ ഒരു വിദ്യാര്‍ത്ഥി. ലോങ്സാമിന് പുറമേ സെന്തുങ് യാന്‍ചാങ്, ലീച്ച ഹൈസ എന്നിവരെയാണ് ഇവര്‍ കണ്ടെത്തിയത്. തുടര്‍ വിദ്യാഭ്യാസത്തിനായി ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്കാണ് അരുണാചല്‍ പ്രദേശിലെ ഉള്‍നാടന്‍ ജില്ലകളില്‍ നിന്നുള്ള ഈ വിദ്യാര്‍ഥികള്‍ പോയത്. മൂന്നു പേര്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഒരുക്കികൊടുത്തു. ഇവരുടെ കോളജ് ഫീസ്, ഭക്ഷണം, യാത്ര ചെലവുകള്‍ എന്നിവയ്ക്കായി ഒക്ടോബറിലാണ് ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ ഒരു ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചത്. ഇതേ വരെ 1.3 ലക്ഷം രൂപ ഇതിലൂടെ സമാഹരിക്കാനായി.
അരുണാചലിലെ ജനസംഖ്യയുടെ 10 ശതമാനം ഉണ്ടായിട്ടും തിരാപ്, ചാങ്ലാങ്, ലോങ്ഡിങ് എന്നീ ജില്ലകളില്‍ നിന്ന് സംസ്ഥാന സിവില്‍ സര്‍വീസിലേക്ക് 2 ശതമാനം പോലും പ്രാതിനിധ്യം ഉണ്ടാകുന്നില്ലെന്ന് ദേവാന്‍ഷ് യാദവ് പറയുന്നു. ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെയും അവസരങ്ങളുടെയും തോത് പരിമിതമാണെന്നും സായുധകലാപം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നെന്നും ഇദ്ദേഹം പറയുന്നു. മക്കളെ ഡല്‍ഹിയിലേക്ക് അയക്കാന്‍ അവരുടെ മാതാപിതാക്കളെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടിയതായി തങ്ഹ പറയുന്നു. പ്രത്യേകിച്ചും പെണ്‍കുട്ടികളായ ലീച്ചയുടെയും സെന്തുങിന്റെയും കാര്യത്തില്‍. ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളാണ് മാതാപിതാക്കളെ ഉത്കണ്ഠപ്പെടുത്തിയത്. ലഭ്യമാകുന്ന പണത്തിന് അനുസരിച്ച് പരമാവധി വിദ്യാര്‍ഥികളെ സഹായിക്കാനാണ് ഇവരുടെ പദ്ധതി. ഈ പദ്ധതി വരും വര്‍ഷങ്ങളിലും തുടരുമെന്നും ദേവാന്‍ഷ് യാദവ് പറയുന്നു.






