
ന്യൂഡല്ഹി: സുപ്രീം കോടതിയെ വിമര്ശിച്ച ട്വീറ്റുകള് നീക്കം ചെയ്യാത്തത് എന്താണെന്ന് ട്വിറ്ററിനോട് ചോദിച്ച പാര്ലമെന്ററി സമിതിയെ പരിഹസിച്ച് സ്റ്റാന്ഡ്അപ്പ് കൊമേഡിയന് കുനാല് കമ്ര. കോര്പ്പറേറ്റ് മേഖലയില് സ്ഥാനക്കയറ്റം ലഭിക്കുന്നത് പോലെയാണ് ഇന്ത്യയില് വ്യക്തി സ്വാതന്ത്ര്യം. ബോസിനെ കളിയാക്കാത്തര്ക്ക് മാത്രമാണ് അത് ലഭിക്കുന്നതെന്നും കുനാല് ട്വീറ്റ് ചെയ്തു.
എന്.ഡി.ടി.വിയുടെ വാര്ത്ത കൂടി റീട്വീറ്റ് ചെയ്തുകൊണ്ടാണ് കുനാലിന്റെ പരിഹാസം. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കുനാല് കമ്രയുടെ ട്വീറ്റുകള് നീക്കം ചെയ്യാത്തതില് ട്വിറ്ററിനോട് വിശദീകരണം തേടിയത്. കുനാല് കമ്രയുടെ കുറ്റകരമായ ട്വീറ്റുകള് നീക്കം ചെയ്യാത്തത് എന്താണെന്നായിരുന്നു പാര്ലമെന്ററി കമ്മറ്റിയുടെ ചോദ്യം.
റിപ്പബ്ലിക് ടി.വി എഡിറ്റര് അര്ണാബ് ഗോസ്വാമിക്ക് തിടുക്കത്തില് ജാമ്യം അനുവദിക്കുകയും മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ അന്യായ അറസ്റ്റിനെതിരെ ഇടപെടാതിരിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് കുനാല് സുപ്രീം കോടതിയെ വിമര്ശിച്ചത്. സംഭവത്തില് കുനാല് കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്.
അര്ണാബ് ഗോസ്വാമിയുടെ വിഷയത്തില് വിമര്ശനം ഉന്നയിച്ചതില് തെറ്റൊന്നും കാണുന്നില്ലെന്നും നിലപട് മാറ്റാത്തതിനാല് മാപ്പ് പറയില്ലെന്നും കുനാല് വ്യക്തമാക്കിയിരുന്നു. കേസില് വക്കീലിനെ വയ്ക്കുകയോ പ്രസ്താവന പിന്വലിക്കുകയോ ചെയ്യില്ലെന്നും കുനാല് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അറ്റോര്ണി ജനറല് കെ.കെ വേണുഗോപാലിന് കുനാല് കത്തയക്കുകയും ചെയ്തിരുന്നു.







Comments