ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാ അത്ത് ഉദ് ദാവ തലവനുമായ ഹാഫീസ് സയിദിന് 10 വര്‍ഷം തടവുശിക്ഷ. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്ന രണ്ട് കേസുകൡലാണ് കോടതി വിധി.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളില്‍ നേരത്തെ 11 വര്‍ഷം ശിക്ഷിക്കപ്പെട്ട ഹഫീസ് സയിദ് നിലവില്‍ ജയിലിലാണ്. ലാഹോറിലെ അതീവ സുരക്ഷാ ജയിലായ കോട് ലാഖ്പത് ജയിലിലാണ് ഇയാളെ പാര്പ്പിച്ചിരിക്കുന്നയത്.
ഹഫീസ് സയിദ് ഉള്‍പ്പെടെ ജമാ അത്ത് ഉദ് ദാവയുടെ നാല് നേതാക്കളെയാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷിച്ചത്. ഹഫീസ് സയിദിന്റെ ഏറ്റവും അടുത്ത അനുയായികളായ സഫര്‍ ഇക്ബാല്‍, യഹ്യ മുജാഹിദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ പ്രമുഖര്‍. ഇരുവര്‍ക്കും പത്തര വര്‍ഷം തടവുശിക്ഷ ലഭിച്ചു. അതേസമയം ഹഫീസിന്റെ ബന്ധുവായ അബ്ദുള്‍ റഹ്മാന് മക്കിക്ക് ആറ് മാസം ശിക്ഷ ലഭിച്ചു.
ജമാ അത്ത് ഉദ് ദാവ നേതാക്കള്‍ക്കെതിരെ പാക്കിസ്ഥാന് തീവ്രവാദ വിരുദ്ധ സേന 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24 എണ്ണം തീര്‍പ്പായി. മറ്റ് കേസുകള്‍ തീവ്രവാദ വിരുദ്ധ കോടതിയുടെ പരിഗണനയിലാണ്.






