
ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായെത്തിയ ട്രക്ക് ജമ്മു നഗരത്തിനു സമീപം സുരക്ഷാ സേന തടഞ്ഞു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു.ഗ്രോത മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയില്‍ രാവിലെ അഞ്ചിനാണു ട്രക്ക് പരിശോധനയ്ക്കായി തടഞ്ഞത്. ഡ്രൈവര്‍ ഇറങ്ങിയോടി.
ഇതോടെ സിആര്‍പിഎഫിനും പോലീസിനും നേരെ ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു നാലു പേരെയും വധിച്ചത്.
11 എകെ റൈഫിള്‍, 29 ഗ്രനേഡുകള്‍, 3 കൈത്തോക്കുകള്‍, മൊബൈല്‍,സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയും സ്ഫോടകവസ്തുശേഖരവും പിടിച്ചെടുത്തു. 11 എകെ 47 റൈഫിളുകള്‍ പിടിച്ചെടുക്കുന്നത് ആദ്യ സംഭവമാണെന്നും ഭീകരര്‍ ഏതു മാര്‍ഗത്തിലൂടെയാണു നുഴഞ്ഞുകയറിയതെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.






