
ഇന്ത്യയില്‍ ആദ്യമായി കരള്‍ മാറ്റി വയ്ക്കലിന് വിധേയനായ കുട്ടിയാണ് സഞ്ജയ് കന്തസാമി. ജനിച്ച് 20-ാം മാസത്തിലാണ് കന്തസാമിയെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ജനിച്ച് ഒരു വര്‍ഷവും എട്ട് മാസവും ആയപ്പോഴായിരുന്നു അത്. 1998-ലായിരുന്നു ശസ്ത്രക്രിയ. ആ കുട്ടി വളര്‍ന്നു. ഇന്ന് ആ കുട്ടിയ്ക്ക് 23 വയസുണ്ട്. ശസ്ത്രക്രിയ വിധേയനായിട്ട് 22 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
മാത്രമല്ല ഏപ്രില്‍ മാസത്തോടെ ഡോക്ടറായി സേവനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ 23-കാരന്. തമിഴ്നാട്ടിലെ കാഞ്ചീപുരം സ്വദേശിയാണ് സഞ്ജയ് കന്തസാമി. പിതാവിന്റെ കരളിന്റെ 20 ശതമാനം എടുത്താണ് അന്ന് സഞ്ജയിലേക്ക് മാറ്റി വച്ചത്. വൈദ്യശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചാണ് സഞ്ജയ് തന്റെ ജീവിതം തിരികെ പിടിച്ചത്. നവജാത ശിശുക്കള്‍ക്കിടയില്‍ കരള്‍ തകരാറിലേയ്ക്ക് നയിക്കുന്ന ബിലിയറി അട്രേഷ്യ എന്ന അപൂര്‍വ രോഗാവുമായാണ് കന്തസാമി ജനിച്ചത്.
കരളില്‍ നിന്ന് പിത്ത സഞ്ചിയിലേക്ക് പിത്ത രസം വഹിക്കുന്ന നാളങ്ങള്‍ക്കുള്ള തടസത്തെ തുടര്‍ന്ന് കരള്‍ നശിക്കുമെന്നതാണ് ഇതിന്റെ ഫലം. ഇതിനെ തുടര്‍ന്നാണ് ജനിച്ച് അധികം താമസിയാതെ തന്നെ സഞ്ജയ്ക്ക് കരള്‍ മാറ്റി വച്ചത്. കരള്‍ മാറ്റിവച്ചാല്‍ ദീര്‍ഘ കാലം സുഖമായി ജീവിക്കാം എന്നതിന്റെ തെളിവ് കൂടിയാണ് സഞ്ജയ് എന്ന് അന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. അനുപം സിബല്‍ വ്യക്തമാക്കി. തന്റെ ഏറ്റവും പ്രായം കുറഞ്ഞ രോഗികളില്‍ ഒരാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഡോക്ടറായി എന്നത് തന്റെ 28 വര്‍ഷത്തെ ഡോക്ടര്‍ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സിബല്‍ പറയുന്നു.
'' ഡോക്ടറാകുക എന്നത് എന്റെ ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. കാരണം ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം ഡോക്ടര്‍മാരാണ്. ഈ മാന്യമായ തൊഴിലിലൂടെ അനേകം പേരുടെ ജീവന് രക്ഷിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ആദ്യം എനിക്ക് സര്‍ജനാകാനായിരുന്നു ആഗ്രഹം. എന്നാല്‍ പഠനം തുടങ്ങിയതിന് ശേഷം പീഡിയാട്രിക്സിനോട് ഇഷ്ടം തോന്നി. പിന്നീട് അതില്‍ തന്നെ നവജാത ശിശുക്കളില്‍ സ്പ്ഷ്യലൈസ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു'' - സഞ്ജയ് പറയുന്നു.






