
ഇസ്ലാമാബാദ്: ഭീകര പ്രവര്‍ത്തിക്ക് രണ്ടു കേസുകളില്‍ പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ച് ലോകത്തിന്റെ കണ്ണു മൂടിക്കെട്ടാന്‍ പാകിസ്താന് ശ്രമിക്കുമ്പോഴും മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളില്‍ ഒരാളും പാകിസ്താനിലെ കൊടും തീവ്രവാദിയുമായ ജമാത്ത ഉദ് ദവാ നേതാവ് ഹഫീസ് സയീദ് പാകിസ്താനില്‍ സുഖ സൗകര്യങ്ങളില്‍ വിലസുന്നു.
ഭീകരതയ്ക്ക് സാമ്പത്തീക സഹായം നല്കിയ കുറ്റത്തിന് രണ്ടു കേസുകളിലായിട്ട് 10 വര്‍ഷം തടവിന് ശിക്ഷ കിട്ടിയെങ്കിലും ഹഫീസ് സയീദിനെ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ വിഭാഗം പരിഗണിക്കുന്നത് വിഐപി സൗകര്യങ്ങള്‍ നല്‍കിയാണ്. സഹായികളുടെ അകമ്പടി വാഹനങ്ങളോടെ എസ് യുവിയിലാണ് ഹഫീസ് സയീദിന്റെ കറക്കം. സമാനമായ രണ്ടു കേസുകളില്‍ അഞ്ചര വര്‍ഷവും 15,000 രൂപ പിഴ കിട്ടിയത്. ഹഫീസ് സയീദിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
2019 ജൂലൈ 17 ന് കമോക്കേ ടോള്‍ പ്ലാസയില്‍ വെച്ചാണ് ഹഫീസ് സയീദ് അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ വിഭാഗം 41 കേസുകളാണ് ഹഫീസ് സയീദിനെതിരേ ചുമത്തിയത്. സമാനമായ രണ്ടു കേസുകളില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 11 വര്‍ഷം തടവുശിക്ഷ ലഭിച്ച സയീദ് ലാഹോറിലെ കോട് ലഖ്പത് ജയിലിലാണു കഴിയുന്നത്. ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ പെടുത്തിയിട്ടും സംരക്ഷിച്ചു കൊണ്ടിരുന്ന പാകിസ്താന് രാജ്യാന്തര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) നേതൃത്വത്തില്‍ രാജ്യാന്തര സമ്മര്‍ദം മുറുകിയതോടെയാണു നടപടിക്കു തുനിഞ്ഞത്.
ഇയാള്‍ക്കെതിരേ പാകിസ്താനിലെ വിവിധ ഭീകരവിരുദ്ധ കോടതികളില്‍ 37 കേസുകള്‍ കൂടിയുണ്ട്. ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി. തുടങ്ങി രാജ്യാന്തര സാമ്പത്തിക ഏജന്‍സികളില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നുമുള്ള സഹായം നിലയ്ക്കുമെന്ന അവസ്ഥയിലാണു ഭീകരര്‍ക്കെതിരേ പാകിസ്താന് നടപടി തുടങ്ങിയത്.






