
വെല്ലിംഗ്ടണ്‍ : മുസ്ലിം വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ വലിയ മാറ്റം തന്നെ വരുത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ്. സേനയിലെ മുസ്ലിം സ്ത്രീകളുടെ യൂണിഫോമില്‍ ഹിജാബ് കൂടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍സ്റ്റബിള്‍ സീന അലിയാണ് ഹിജാബ് കൂടി ഉള്‍പ്പെടുത്തിയ യൂണിഫോം ആദ്യമായി ധരിച്ചത്.
ജോലിയ്ക്കും മതവിശ്വാസത്തിനും ഉതകുന്ന തരത്തിലെ ഹിജാബ് ഡിസൈന്‍ ചെയ്യാന്‍ സീനയും പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. പൊലീസ് വേഷത്തിനൊപ്പം ഹിജാബ് ധരിച്ച് തന്റെ സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് സീന പറയുന്നത്. ഈ ആഴ്ച പൊലീസ് ഓഫീസറായി പാസ് ഔട്ട് ആകുന്ന സീനയ്ക്ക് ന്യൂസിലന്‍ഡില്‍ ആദ്യമായി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്ന വനിതയെന്ന സ്ഥാനവും സ്വന്തമാകും.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ 51 പേരുടെ മരണത്തിനിടയാക്കിയ, രണ്ട് മുസ്ലിം പള്ളികളിലായി നടന്ന ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷമാണ് 30 കാരിയായ സീന ന്യൂസിലന്‍ഡ് പൊലീസില്‍ ചേരാന്‍ തീരുമാനിച്ചത്. പൊലീസ് കോളേജില്‍ പ്രാര്‍ത്ഥനയ്ക്കായി മുറിയും ഹലാല്‍ ഭക്ഷണങ്ങളും ലഭ്യമായിരുന്നുവെന്നും നീന്തല്‍ പരിശീലനത്തിന് ലോംഗ് സ്ലീവോട് കൂടിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ഉണ്ടായിരുന്നെന്നും സീന മാധ്യമങ്ങളോട് പറഞ്ഞു.






