
അബുദാബി: യു.എ.ഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് പാസ്പോർട്ട് പുതുക്കാൻ ഇനി കമ്പനി പി.ആർ.ഒ വഴി അപേക്ഷിക്കാം. കോവിഡിനെ തുടർന്ന് ബി.എൽ.എസ് കേന്ദ്രത്തിൽ പാസ്പോർട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി.
ബി.എൽ.എസ് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും സുരക്ഷ ഉറപ്പാക്കുന്നതും കൂടി കണക്കിലെടുത്താണ് നടപടി. തൊഴിൽ ഉടമ, സീനിയർ മാനേജ്മെന്റ്, സി.ഇ.ഒ, എം.ഡി മുതലായവർ അധികാരപ്പെടുത്തി പി.ആർ.ഒ ജോലി ചെയ്യുന്നവർക്ക് അടുത്തുള്ള ബി.എൽ.എസ് സെൻററിൽ കമ്പനി ജീവനക്കാരുടെ അപേക്ഷകൾ സമർപ്പിക്കാം.
ഇതിനായി, പി.ആർ.ഒ ആണെന്നു വ്യക്തമാക്കുന്ന യോഗ്യത പത്രങ്ങളോ തിരിച്ചറിയൽ കാർഡോ പ്രമാണങ്ങളോ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ കാണിക്കണം.
പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകളും ആവശ്യമായ ഫീസ് പണമായും ബി.എൽ.എസ് കേന്ദ്രത്തിലെ കൗണ്ടറിൽ അടക്കണം. പുതിയതും റദ്ദാക്കിയ പഴയ പാസ്പോർട്ടുകളും വ്യക്തിപരമായി അപേക്ഷകനോ പി.ആർ.ഒക്കോ ശേഖരിക്കുന്നതിനുള്ള ഓപ്ഷനും അപേക്ഷയിൽ തിരഞ്ഞെടുക്കാം.







Comments