
ബീജിംഗ്: ചൈനീസ് നിര്‍മ്മിത 43 മൊബൈല്‍ ഫോണ്‍ ആപുകള്‍ കൂടി നിരോധിക്കാനുള്ള ഇന്ത്യ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ നിലപാട് ലോക വ്യാപാര സംഘടന (ഡബ്യൂ.ടി.ഒ) ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിക്കുന്നു. സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ആപ് നിരോധിക്കുന്നത്.
ലഡാക്ക് മേഖലയിലെ നിയന്ത്രണ രേഖയില്‍ ചൈന കടന്നുകയറ്റം തുടങ്ങിയതു മുതല്‍ ചൈനീസ് മൊബൈല്‍ ആപുകള്‍ നിരോധിക്കുകയാണ് ഇന്ത്യ. ഇതുവരെ നാലു തവണയായി 267 ആപുകളാണ് നിരോധിച്ചത്.
'ദേശീയ സുരക്ഷയുടെ' പേര് പറഞ്ഞ് തുടര്‍ച്ചയായി ചൈനീസ് പശ്ചാത്തലമുള്ള ആപുകള്‍ ഇന്ത്യ നിരോധിക്കുകയാണെന്നും അതില്‍ ശക്തമായി വിയോജിക്കുന്നുവെന്നും ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. ഡബ്ല്യൂ.ടി.ഒ ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നിരോധനം പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ജി റോങ് ആവശ്യപ്പെട്ടു.
ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഇടപെടാല്‍ കഴിയുന്ന വിധത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും നീതിപൂര്‍വ്വവും പക്ഷം പിടിക്കാത്തതും വിവേചന രഹിതവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചട്ടലംഘനം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യാന്തര ചട്ടങ്ങള്‍ പാലിക്കണമെന്ന് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളോട് സര്‍ക്കാര്‍ എല്ലായ്പ്പോഴും ആവശ്യപ്പെടാറുണ്ട്- ജി റോങ് കൂട്ടിച്ചേര്‍ത്തു.






