കാൽപ്പന്തുകളിയുടെ ആരവത്തിലാണ് ലോകം. ഫുട്ബോൾ ഒരു കളിക്കപ്പുറം മറ്റെന്തോക്കെയോ ആണെന്നുള്ള തിരിച്ചറിവ് വീണ്ടും വീണ്ടും പകരുന്ന കാലം....
കളി തുടങ്ങുന്നതിന് മുൻപ് തന്നെ ഓരോ ചേരികളിൽ കൂട് കൂട്ടിയിരിക്കുന്നു ഓരോരുത്തരും...., രാഷ്ട്രീയം പോലെ....
അതെ എനിക്കും ഒരു ചേരിയുണ്ട്, അർജന്റീന.....
അർജന്റീനയോടാണ് എന്റെ പ്രണയം.....
എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതൽക്കുള്ള ആരാധനയ്ക്കപ്പുറം മറ്റെന്തോ കൂടിയാണത്, ജീവിതത്തോടുള്ള ആസക്തി പോലെ, പ്രണയം പോലെ....
പ്രണയം പോലെ ഒരേ സമയം ലളിതവും സങ്കീർണവുമാണ് കാൽപ്പന്ത് പ്രണയവും....
എത്രയെത്ര വൈകാരിക മുഹൂർത്തങ്ങൾ...
സന്തോഷത്തിനും സങ്കടത്തിനുമിടയിൽ നിമിഷാർത്ഥങ്ങൾ മാത്രം....
വിജയിച്ചെന്ന് വിചാരിക്കുമ്പോൾ പരാജയം കീഴ്പ്പെടുത്താം....
ചില പരാജയങ്ങൾ വിജയത്തിലും വലുതായിരിക്കുമെന്നും വരാം...
വീഞ്ഞു പോലെ മത്തുപിടിപ്പിക്കുന്നു ചിലപ്പോൾ, ഫുട്ബോളും പ്രണയവും....
പിന്നെ ചിലപ്പോൾ സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടു പോകുന്നു.....
ആവേശകൊടുമുടികളിൽ ഗ്യാലറികൾ എന്നും ആർത്തു വിളിക്കുക തന്നെ ചെയ്യും...
കളിക്കളത്തിലെ ഓരോ കൊച്ചു ചലനവും വിലയിരുത്തപ്പെടും, ഇഴകീറി മുറിച്ച് അപഗ്രഥിച്ച്....
കളിക്കാരല്ല, കളി കാണുന്നവർ തീരുമാനിക്കും അവയുടെ ഭംഗിയും അഭംഗിയും.....
എന്നാലോ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്ത് ഗോൾ വലയിൽ വീഴുന്ന പന്ത് ആ കളിയാകെ മാറ്റിമറിക്കും....
അവസാനനിമിഷം വരെ പ്രതീക്ഷയ്ക്ക് വകയുള്ള, പരാജയത്തിന്റെ ഗുഹാമുഖത്തിനും വിജയശൃംഗത്തിനുമിടയിൽ ദൂരമധികമില്ലാത്ത, ചൂതാട്ടം പോലെ മാറി മറിയുന്ന ഒരു കളി....
ഫുട്ബോൾ ഒരു ജനതയെയാകെ ലഹരി പിടിപ്പിക്കുന്നത് ഈ പ്രവചനാതീത സ്വഭാവം കൊണ്ടാണ്...
വടയാറിലെത്തിയ അർജന്റീനയെന്ന കൊമ്പൻ
ടീവി കാഴ്ച ദുർലഭമായിരുന്ന, നെറ്റില്ലാത്ത ആ എൺപതുകളുടെ ഒടുവിൽ അർജന്റീന എന്ന വികൃതിയായ കുട്ടിക്കൊമ്പനെ ഞങ്ങളിലെത്തിച്ചത് ഏട്ടനായ വിനോദ് ചേട്ടായിയായിരുന്നു.
ഓരോ സായാഹ്നങ്ങളിലും അർജന്റീന മാഹാത്മ്യം ഞങ്ങളുടെ ഹരിനാമകീർത്തനമായി.
നീലയും വെള്ളയും വരകൾ ചേർന്ന പത്താം നമ്പർ ജഴ്സിയണിഞ്ഞ് എതിരാളികളെ വെട്ടിച്ചുകയറുന്ന മറഡോണയുടെ മെയ്വഴക്കം, ചേട്ടായി ആവേശപൂർവം വിവരിക്കുമ്പോൾ ഞങ്ങളെല്ലാം ഉന്മത്തരായി.
ലാറ്റിനമേരിക്കൻ നാട്ടിടവഴികളിലൂടെ മനസ്സുകൊണ്ട് ഞങ്ങളും ഫുട്ബോൾ കളിച്ചു.
ചേട്ടായിയുടെ അർജന്റീന പ്രണയം വീടാകെ പടർന്നു പിടിച്ചു. ചേട്ടനും, അണ്ണനും, പാപ്പയും, ചേച്ചിയും ഇത്തിരിപ്പോന്ന ഞാനും, അച്ഛനുമമ്മയും എന്ന് വേണ്ട പച്ചക്കറി ചേച്ചി മുതൽ വീട്ടിലെത്തുന്ന എല്ലാവരും അർജന്റീനക്കാരായി.
പാണന്മാർ വേറെയെന്തിന്????
പരുക്കൻ രീതികളിലൂടെ എതിരാളികൾ മറഡോണയെ പരിക്കേൽപ്പിക്കുന്ന കഥകൾ ചേട്ടായി വിവരിക്കുമ്പോൾ, വീട്ടിൽ സഹായത്തിന് എത്തിയിരുന്ന കൊല്ലാറയമ്മൂമ്മ "ഇളംകാവിലമ്മേ, ആ കുഞ്ഞിനെ ഉപദ്രവിക്കുന്ന ദുഷ്ടന്മാരുടെ തലയിൽ ഇടിത്തീ വീഴണേ"എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചു.
തന്റെ ജൂറിസ്ഡിക്ഷൻ വടയാറും കഴിഞ്ഞ് അങ്ങ് ലാറ്റിനമേരിക്ക വരെ എത്തിയതറിഞ്ഞ്
ദേശഭഗവതിയായ ഇളംകാവിലമ്മയും സന്തോഷിച്ചിരുന്നിരിക്കാം......!!
ബ്രസീലുകാർ അഥവാ കുടുംബത്തിലെ എതിരാളികൾ
ഏത് പ്രണയത്തിനും എതിർപ്പുകൾ സ്വന്തം വീട്ടിൽ നിന്ന് തന്നെയാകുമല്ലോ ! വേറൊരു വല്യച്ഛന്റെ മക്കളായ അമ്പി ചേട്ടനും കുട്ടാപ്പി ചേട്ടനുമെല്ലാം നിർഭാഗ്യവശാൽ അർജന്റീനയുടെ അയൽക്കാരായ ബ്രസീലിന്റെ ആരാധകരായിരുന്നു.
തൊട്ടടുത്ത വീട്ടിൽ നിന്നും മഞ്ഞപ്പടയുടെ മാഹാത്മ്യം ഉയർന്നത് ചേട്ടായിക്ക് അല്പം ക്ഷീണമായെങ്കിലും സ്വന്തം വാക്ധോരണിയാൽ ആരാധകരെ കുറെയൊക്കെ പിടിച്ചു നിർത്താൻ കഴിഞ്ഞു എന്ന് വേണം കരുതാൻ...!
അമ്പി ചേട്ടനാകട്ടെ അർജന്റീനക്കെതിരെ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും പ്രയോഗിക്കാൻ തുടങ്ങി.
"ദൈവത്തിന്റെ ഗോൾ "എന്ന് ഞങ്ങൾ പാടി നടന്ന ഗോൾ "മറഡോണയുടെ കൈ" എന്ന് അവരെല്ലാം പച്ചക്ക് പരിഹസിച്ചു.. ഒരാശ്വാസത്തിനായി ഞങ്ങൾ ചേട്ടായിയെ നോക്കി.
എന്തെങ്കിലും മറുമരുന്ന് കൊണ്ട് വരാതിരിക്കില്ല എന്നറിയാമായിരുന്നു.
ഒരു നിമിഷം പതറിയെങ്കിലും "അത് കൈയൊന്നുമല്ലെന്ന് ഫുട്ബോൾ ഫെഡറേഷൻ വരെ അംഗീകരിച്ചതാണ്, സംശയമുണ്ടെങ്കിൽ ടീവിയിൽ നേരിട്ട് കളി കണ്ട ആരോടെങ്കിലും ചോദിക്ക്, ഞാൻ കണ്ടതാ" എന്ന് പറഞ്ഞ് ചേട്ടായി വൻമതിൽ പോലെ ഉറച്ചു നിന്നു.
അന്ന് പത്രത്തിലൂടെ മാത്രം കളി അറിഞ്ഞിരുന്ന മറ്റെല്ലാവരും പകച്ചുപോയി. അമ്പി ചേട്ടൻ പലതും പറഞ്ഞു നോക്കിയെങ്കിലും തടിമിടുക്ക് കാണിച്ചു ഞങ്ങൾ രക്ഷപെട്ടു പോന്നു.
പിന്നീട് ആ ഗോളിനെപ്പറ്റി പറയുമ്പോഴെല്ലാം ദുഃഖിതരാകുന്ന ഞങ്ങൾക്ക് ഒരാശ്വാസം പറഞ്ഞു തന്നത് വല്യച്ഛനായ പാനാപ്പുര അച്ഛനാണ്.
"നമുക്ക് ഇഷ്ടപ്പെട്ട ആനക്കൊമ്പൻ ചിലപ്പോൾ ചില കുസൃതിയൊക്കെ കാട്ടില്ലേ, എന്ന് പറഞ്ഞ് ആരെങ്കിലും അവനെ ഇഷ്ടപ്പെടാതിരിക്കുമോ,അത് പോലെ കണ്ടാൽ മതി " എന്ന്.
ഓരോ ലോകകപ്പിലും ഞങ്ങൾ പോരടിച്ചു. പാനാപ്പുര അർജന്റീനയും, പാനാപ്പുര ബ്രസീലും....
പിന്നീടത് വടയാറിലേക്ക് വളർന്നു.
ദോഷം പറയരുതല്ലോ, പിന്നീടൊരിക്കലും അർജന്റീന കപ്പടിച്ചിട്ടില്ല....
ഡീഗോ മറഡോണക്ക് ശേഷം ബാറ്റിസ്റ്റ്യൂട്ടയും രാജകുമാരൻ മെസ്സിയും വന്നിട്ടും 1990 ലും 2014 ലും ഫൈനൽ കണ്ടു മടങ്ങേണ്ടി വന്നു. ബ്രസീലാകട്ടെ 1994 ലും 2002 ലും നേടി, 1998 ൽ ഫൈനലിലും എത്തി..
എങ്കിലും ഈ ദുഃഖമെല്ലാം കടിച്ചമർത്തി ഓരോ തവണയും ഞങ്ങൾ നീലയും വെള്ളയും ചേർന്ന പാതാകത്തണലിൽ ചേക്കേറി....
ദുഃഖം മറക്കാൻ ഓരോ കാരണം കണ്ടുപിടിച്ചു ബ്രസീലുകാരെ കളിയാക്കി.....
എങ്കിലും കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ ജർമനിയിൽ നിന്നും 7-1ന് ബ്രസീൽ നാണം കെട്ടപ്പോൾ സത്യം പറയാമല്ലോ ചങ്ക് ഒന്നുലഞ്ഞു....
ഒന്നുമല്ലെങ്കിലും, വൈരികളാണെങ്കിലും കാനറിപ്പക്ഷികൾ നമ്മുടെ പ്രിയ ലാറ്റിനമേരിക്കക്കാരല്ലേ.......!
ഇന്നും ലോകകപ്പ് കാലം വടയാറിൽ യുദ്ധകാലമാണ്.....നാട്ടിൽ നിന്ന് പോന്നെങ്കിലും എല്ലാം അറിയാറുമുണ്ട്.
കപ്പൽചേതത്തിൽ നിന്ന് രക്ഷപെട്ട നാവികൻ
എന്റെ വിവാഹശേഷം വന്ന ആദ്യ ലോകകപ്പ് കാണുന്നതിന് മുൻപ് മിടിക്കുന്ന ഹൃദയത്തോടെ ഞാൻ CKയോട് ചോദിച്ചു,
"എന്താണെങ്കിലും തുറന്നു പറയണം, ആരുടെ ഫാനാണ്? ബ്രസീലോ, അർജന്റീനയോ, അതോ വല്ല യൂറോപ്യൻമാരുമാണോ....?"
നെഞ്ചിടിപ്പിനിടയിൽ ചേട്ടന്മാരും, വീട്ടുകാരും, നാട്ടുകാരുമെല്ലാം എന്റെ മനസ്സിൽ മിന്നി മറഞ്ഞു.
'എനിക്കങ്ങനെ തന്നെ വരണം' എന്ന് എല്ലാവരും കളിയാക്കുമായിരിക്കുമോ എന്ന ചിന്ത ഉള്ളിൽ പുകഞ്ഞു.....
ഇതൊന്നുമറിയാതെ നിഷ്കളങ്കമായി CK പറഞ്ഞു "എനിക്ക് അർജന്റീനയാണ് ഇഷ്ടം! എന്തേ?? "
കപ്പൽച്ചേതത്തിൽ നിന്ന് രക്ഷപ്പെട്ട നാവികനെപ്പോലെ, ഒരു നിമിഷം കൊണ്ട് എന്റെ ഉള്ളിൽ പൂത്തിരി കത്തി...
ഹോ! അങ്ങനെ അവിടെയും രക്ഷപെട്ടു !!!!
ലാറ്റിനമേരിക്കയുടെ നൃത്തം
ചടുലതയാണ് കാൽപ്പന്തുകളിയെ ജനപ്രിയമാക്കുന്നത്. ലാറ്റിനമേരിക്കക്കാർക്ക് ഒരു വന്യതയുണ്ട്...
ഒരു കൊച്ച് കുസൃതി, ഒരു വെട്ടിത്തിരിയൽ,ഒരു കറക്കം...
നൃത്തം പോലെ തോന്നും അവരുടെ കളി കണ്ടാൽ.....
യൂറോപ്യൻ ടീമുകളാവട്ടെ കീ കൊടുത്ത പാവകൾ പോലെ, പഠിച്ച പാഠങ്ങൾ കാണാതെ ഉരുവിടുന്ന കുട്ടികളെപ്പോലെ, അച്ചടക്കത്തോടെ വന്ന് ഫുട്ബോൾ കളിച്ചിട്ട് പോകും.
നാടൻ സ്കൂൾ കുട്ടികളും, നഗരത്തിലെ മുന്തിയ സ്കൂൾ കുട്ടികളും പോലെയുള്ള വ്യത്യാസമുണ്ട് ഇവർ തമ്മിൽ...
തെരുവിലും ഇടവഴികളിലും കളിച്ചു വളർന്ന ലാറ്റിനമേരിക്കൻ വന്യഭംഗിയാവണം സാധാരണക്കാരെ അവരുടെ ആരാധകരാക്കുന്നത്.
എങ്കിലും ഇന്ന് ഈ ശൈലികളെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു.
യൂറോപ്യൻ ലീഗുകളിൽ സ്ഥിരമായി ലാറ്റിനമേരിക്കൻ താരങ്ങൾ കളിക്കുന്നത് കൊണ്ടാവാം (തിരിച്ചും)ശൈലിയിൽ പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടന്നു കഴിഞ്ഞിരിക്കുന്നത്.
ആഫ്രിക്കൻ, ഏഷ്യൻ ശൈലീ സാന്നിധ്യവും പറയേണ്ടതാണ്.
കോപ്പ അമേരിക്ക, യൂറോപ്യൻ ലീഗുകൾ, ഒളിമ്പിക്സ് വേദികൾ... മാഞ്ചസ്റ്റർ, റിയൽ മാൻഡ്രിഡ്, ചെൽസ, ലിവർ പൂൾ, ബാർസലോണ ക്ലബുകൾ...
എന്നിരുന്നാലും ലോകകപ്പ് ഒന്ന് വേറെ തന്നെ!!
നക്ഷത്രവല വിരിച്ചവർ
നക്ഷത്രങ്ങളുടെ ലോകം കൂടിയാണിത്.
സെൽഫ്ഗോളിന്റെ വില കൊടുക്കേണ്ടി വന്ന എസ്കോബാറിന് നിറതോക്കിന്റെ മുന്നിൽ നക്ഷത്രമായി ചിതറേണ്ടി വന്നു.
പ്രണയത്തിന്റെ മറുവശം പകയെന്നോർക്കണം..... !
മഴവില്ലുപോലെ വളഞ്ഞു വരുന്ന കോർണർ കിക്കുകൾ, നെഞ്ചു കൊണ്ടടിച്ച്, പുറക് മറിഞ്ഞ്, കത്രിക കട്ടിലുള്ള ഗോൾ വഴികൾ...!
ഗോൾ പോസ്റ്റിൽ നക്ഷത്രവല കാക്കുന്ന ഗോളിയെപ്പറ്റി ഹിഗ്വിറ്റയിൽ NS മാധവൻ പറയുന്നുണ്ട്..
'എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ട് രണ്ടു കൈകളും വിടർത്തി ഗോളി പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന രംഗം; തൊണ്ടയിൽ ശബ്ദം കുരുങ്ങി ഗ്യാലറികളിൽ നിശബ്ദരായിരിക്കുന്ന അൻപതിനായിരം കാണികളോടൊപ്പം..'
അവിടെ താണ്ഡവത്തിനു മുൻപ് ജടയഴിച്ചിട്ട ശിവനെപ്പോലെ, ചുരുണ്ട മുടിക്കാരനായ കൊളംബിയക്കാരൻ കറുകറുത്ത ഹിഗ്വിറ്റ നിൽക്കുന്നത്...
സ്വന്തം ഗോൾ മുഖത്തിന്റെ പൊരുന്ന ചൂട് മറന്ന്, മറുവശത്തെത്തി എതിർ പോസ്റ്റിൽ ഗോളടിച്ചു പോരുന്ന ഗോളി...
പിന്നെയൊരിക്കൽ അതേഒഴിഞ്ഞ ഗോൾ മുഖം കൊളംബിയയെ ലോകകപ്പിൽ നിന്നും പുറത്താക്കിയതും...
ഫുട്ബോളിൽ മിശിഹായും അന്തിക്രിസ്തുവും ഉണ്ടാകുന്നത് അങ്ങനെയാണ്...!
സിംഹത്തിന്റ മട
അർജന്റീനയുടെ മടയിൽ ആളെകൂട്ടിയത് അവിടത്തെ സിംഹങ്ങളുടെ സാന്നിധ്യമാണ്.
ഡീഗോ മറഡോണയിൽ തുടങ്ങി ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയും, ഡി മരിയയും, ഹിഗ്യയിനും, കൊച്ചു ടെവേസും കടന്ന് മെസ്സിയിൽ വന്നു നിൽക്കുന്ന സിംഹകൂട്ടങ്ങൾ...
മറഡോണയുടെ ചെറുതും വലുതുമായ കുസൃതികൾ മറക്കാനും, ഒരു ലോകകപ്പുമുയർത്താൻ സാധിക്കാത്ത മെസ്സിയിൽ വീണ്ടും പ്രതീക്ഷ നൽകാനും, നീലയും വെള്ളയും കലർന്ന വരകൾ ഹൃദയത്തിൽ വരഞ്ഞിടാനും അർജന്റീന ആരാധകരെ ഇന്നും പ്രേരിപ്പിക്കുന്നത് എന്താണ്?
പ്രണയം ! സത്യമുള്ള പ്രണയം !!
പ്രണയിനി /പ്രിയനിലെ കൊച്ചു കൊച്ചു പോരായ്മകൾ കണ്ണടച്ച് വിടുന്ന, നന്മകൾ മാത്രം കാണുന്ന ശുദ്ധമായ പ്രണയം !!
ലോകം എന്റേതുമാണ്
ഒന്നുറപ്പാണ്, കേരളത്തിലെ ഓരോരുത്തരും ഫുട്ബോളിനെ പ്രണയിക്കുന്നുണ്ട്.
അത് ബ്രസീലാവാം, അർജന്റീനയാവാം, സ്പെയിനാവാം...
ജർമ്മനി, ഇറ്റലി, ഹോളണ്ട്, പരാഗ്വേ, ഉറൂഗ്വേ, കൊളംബിയ, റഷ്യ ഏതുമാകാം...
ഈ ലോകകപ്പിന്റെ ചൂടിൽ വാഗ്വാദങ്ങൾ, മത്സരങ്ങൾ എല്ലാമുണ്ട്.
പേരറിയുന്നതും അറിയാത്തതുമായ താരങ്ങളെ തിരയുന്നുമുണ്ട്..
ഓർമകളുടെ ഭാണ്ഡങ്ങളുണ്ട്....
ലോകമാന്ത്രികൻ പെലെയുടെ സിസ്സർകട്ട്,
ബെക്കാമിന്റെ വളഞ്ഞ ഗോൾ,
മൊട്ടത്തലയൻ റൊണാൾഡോയുടെ ഗോൾ വിരിയിക്കൽ,
റൊണാൾഡീഞ്ഞോ- നെയ്മർ കാൽവേലകൾ,
ക്രിസ്ത്യാനോ റൊണാൾഡോയെന്ന ഒറ്റയാൻ,
കൊളംബിയൻ പോരാട്ടം,
സ്പാനിഷ് ഇനിയസ്റ്റ,
ജർമൻ മാത്തേവൂസ്,
പിന്നെ സിദാന്റെ ഇടി,
മറ്റൊരാസിയുടെ രോദനം,
സുവാരസിന്റെ കടികൾ,
പെനാലിറ്റിയിൽ മടങ്ങിയ റോബർട്ടോ ബാജിയോ എന്ന ഇറ്റാലിയൻ....
പുറത്ത് ഷക്കീരയുടെ പാട്ടുകൾ....
ഇവരെല്ലാം എന്റെ സ്വന്തം ആളുകളല്ലേ..... !
ഈ ലോകം എന്റേതു കൂടിയല്ലേ....??
ഇങ്ങനെയൊക്കെ തോന്നണമെങ്കിൽ അത് ഫുട്ബോൾ തന്നെയായിരിക്കണം !!
സഫലമാകേണ്ട സ്വപ്നങ്ങൾ
നമുക്ക് കുറച്ചു ദിവസത്തേക്കെങ്കിലും എല്ലാം മറക്കാം....
കാൽപ്പന്തുകളിയിലേക്ക് ഊളിയിടാം....
വളഞ്ഞും പുളഞ്ഞും പാഞ്ഞു പോകുന്ന പന്തിന്റെ മഴവിൽ വളവുകളിലേക്ക് തിരിയാം...
ലക്ഷക്കണക്കിന് വരുന്ന ആരവങ്ങളിലേക്ക് വുവുസ്വല ഊതാം...
പിന്നെയും ഒന്നറിയണം......!
ഈ ആരവങ്ങൾക്കിടക്കും; കൊയ്തൊഴിഞ്ഞ പാടങ്ങളിൽ സെവൻസും, ടൂർണമെന്റും കളിക്കുന്ന നാടൻ കാൽപ്പന്തുകാരായ നമ്മുടെ കുട്ടികളെ,
അവരുടെ ജീനിലെ ഫുട്ബോൾ തേച്ചുമിനുക്കാൻ,
വിജയനിലും, സത്യനിലും, പാപ്പച്ചനിലുമപ്പുറം കടന്ന് ഉയരാൻ,
സന്തോഷ് ട്രോഫിക്കും പ്രീമിയർ ലീഗിനുമപ്പുറം ലോക ഗ്യാലറിയിലേക്ക് വളർത്താൻ
നാം എന്തെങ്കിലുമൊക്കെ ചെയ്യണ്ടതില്ലേ എന്ന ഒരു ചിന്തയും നമുക്കുണ്ടാകേണ്ടതാണെന്ന്..... !
ഈ ലോകകപ്പ് ജ്വരം അതിന് വഴിയൊരുക്കിയെങ്കിൽ !!!
കാൽപ്പന്ത് പ്രണയം സഫലമായേനെ !
ആദരാഞ്ജലികൾ മറഡോണ…
(2018 ലെ ലോക കപ്പ് മത്സരത്തിനിടയ്ക്ക് എഴുതിയ കുറിപ്പ് )
-ഹേന പാനാപ്പുരയിൽ -






