
2019 ലെ ഐ.സി.സി.യുടെ ലോകകപ്പിന് രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റ് ലോകം മറ്റൊരു ലോകകപ്പിന് ദൃക്സാക്ഷിയാവുകയാണ്. ക്രിക്കറ്റിന്റെ കുട്ടിരൂപമായ ട്വന്റി-ട്വന്റി ലോകകപ്പാണ് യു.എ.ഇ.യിലും ഒമാനിലുമായി അരങ്ങേറാന്‍ പോകുന്നത്. ക്രിക്കറ്റിന്റെ പൊടിപൂരമാണ്, ക്രിക്കറ്റിന്റെ കാര്‍ണിവലാണ് ഇനി ക്രികറ്റ് ആരാധകരെ കാത്തിരിക്കുന്നത്.
1932 ലാണ് ഇന്ത്യ ആദ്യത്തെ ടെസ്റ്റ് കളിക്കുന്നത്, ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍. കഴിഞ്ഞ നാലു ദശകത്തിനിടയില്‍ ഇന്ത്യ മൂന്നു ലോകകപ്പുകള്‍ നേടിയിട്ടുണ്ട്. 1983 ലും 2011ലും. കൂടാതെ 2007-ല്‍ പ്രഥമ ട്വന്റി-ട്വന്റി ലോകകപ്പും നേടിയത് ഇന്ത്യയായിരുന്നു. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ചത് രണ്ട് നിര്‍ണ്ണായക ക്യാച്ചുകളാണ്.1983 ല്‍ ഇന്ത്യന്‍ ക്യാപ്ടന് കപില്‍ദേവിന്റെ ്ക്യാച്ചും 2007-ല്‍ പ്രഥമ ട്വന്റി-ട്വന്റി ലോകകപ്പ് ഫൈനലില്‍ മലയാളിയായ ശ്രീശാന്തിന്റെ ക്യാച്ചും.
യാതൊരു സാധ്യതകളുമില്ലാതെയാണ് 1983 ലോകകപ്പിന് ഇന്ത്യ ഇഗ്ലണ്ടിലെത്തിയത്. ഇതിനു മുമ്പുണ്ടായ രണ്ട് ലോകകപ്പുകളിലും ഇന്ത്യയുടെ പ്രകടനം അതീവ ദയനീയമായിരുന്നു. 1975 ലെ ലോകകപ്പില്‍ കളിച്ച മൂന്നു കളികളില്‍ ഒന്നാണ് ജയിച്ചത്. 1979 ലാകട്ടെ കളിച്ച മൂന്നു കളികളിലും പരാജയപ്പെട്ടു. അങ്ങനെ 1983 ലോകകപ്പ് വരെ ഇന്ത്യയുടെ ആറു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയം നേടാന്‍ കഴിഞ്ഞത്. അത് ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലരായ ഈസ്റ്റ് ആഫ്രിക്കക്കെതിരെയായിരുന്നു.
1982-83 കാലത്ത് ഇന്ത്യ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തി. ദയനീയമായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം. ആറു ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ 3-0 ന് പരാജയപ്പെട്ടു. തുടര്‍ന്ന് വെസ്റ്റിന്‍ഡീസില്‍ ഇന്ത്യ പര്യടനം നടത്തി. വെസ്റ്റിന്‍ഡീസിലെ പര്യടനം ഇന്ത്യ 2-0 ന് പരാജയപ്പെട്ടെങ്കിലും പാകിസ്ഥാനിലെ അത്ര ദയനീയമായിരുന്നില്ല പുതിയ നായകന് കപില്‍ദേവിന്റെ കീഴിലുള്ള ഇന്ത്യയുടെ പ്രകടനം. കൂടാതെ 1983 വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ആദ്യമായി ഇന്ത്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ഏറെ പരിചിതമായിരുന്ന ഒരു ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ആദ്യവിജയം നേടാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്.
ആദ്യത്തെ മത്സരം വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു. അന്നാണ് ലോകക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറിയുണ്ടായത്. ഇന്ത്യ ആദ്യത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 34 റണ്‍സിന് പരാജയപ്പെടുത്തി. തുടര്‍ന്ന് സിംബാബ്വെയെയും പരായപ്പെടുത്തി. എന്നാല്‍ തുടര്‍ന്നുള്ള മത്സരത്തില്‍ ഇന്ത്യ ആസ്ട്രേലിയയോടും വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെട്ടു. സിംബാബ്വേക്കെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ കപില്‍ദേവിന്റെ അത്യുജ്ജ്വല പ്രകടനം, 175 റണ്‍സ് നോട്ടൗട്ട്. കപില്‍ദേവിന്റെ പ്രകടനത്തോടെ ഇന്ത്യ സിംബാബ്വേയെ പരാജയപ്പെടുത്തി. കൂടാതെ ആസ്ട്രേലിയയെ അവസാനത്തെ ലീഗ് മത്സരത്തില്‍ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ആദ്യമായി ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.2 ഓവറില്‍ 183 റണ്‍സിന് പുറത്തായി. വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിവന്നത് 60 ഓവറലില്‍ കേവലം 184 റണ്‍സ്. ഹെയിന്‍സ്, ഗ്രീനിഡ്ജ്, വിവിയന്‍ റിച്ചാര്‍ഡ്സ്, ലാറി ഗോംസ്, ക്ലൈവ് ലോയ്ഡ്, ജെഫ് ഡുജോന്‍, ഫൗദ് ബേക്കസ് എന്നീ കരുത്തുറ്റ ബാറ്റിംഗ് നിരയെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ സ്കോറായിരുന്നു ഇത്. ആദ്യം 184 റണ്‍സ് ലക്ഷ്യം തേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിന്‍ഡീസ് 13.2 ഓവറായപ്പോള്‍ 57 റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയിലായിരുന്നു. ക്രിക്കറ്റ് ഇതിഹാസമായ വിവിയന്‍ റിച്ചാര്‍ഡ്സ് 27 പന്തില്‍ നിന്നും 33 റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു. ഈ സമയത്താണ് അത്ഭുതനിമിഷം പിറവിയെടുത്തത്.
പതിനാലാമത്തെ ഓവറിന്റെ മൂന്നാമത്തെ പന്തെറിഞ്ഞത് മദന്‍ലാലായിരുന്നു. മദന്‍ലാലിന്റെ പന്ത് വിവിയന്‍ റിച്ചാര്‍ഡ്സ് പുള്‍ ചെയ്തു. പന്ത് വായുവില്‍, 30 അടിയോളം പിറകോട്ടോടിയ ഇന്ത്യന്‍ ക്യാപ്ടന് കപില്‍ദേവ് വിഷമകരമായ ക്യാച്ച് അനായാസമായി പിടിച്ചെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്സ് പുറത്തായതോടുകൂടി വെസ്റ്റിന്‍ഡീസിന്റെ പതനം ആരംഭിച്ചു. രണ്ടു വിക്കറ്റിന് 57 എന്ന നിലയില്‍ നിന്ന് അവര്‍ ആറു വിക്കറ്റിന് 76 റണ്‍സ് എന്ന നിലയിലേക്കും ഒടുവില്‍ 140 റണ്‍സിന് പരാജയം ഉറപ്പായി. ഇന്ത്യക്ക് 43 റണ്‍സിന്റെ വിജയം. അങ്ങിനെ ലോകകപ്പ് ക്രിക്കറ്റ് ആദ്യമായി ഇന്ത്യയിലേക്ക്.
ഇന്ത്യ ലോകകപ്പില്‍ നേടിയ വിജയം ഇന്ത്യയില്‍ വളരെയധികം ആവേശമുണ്ടാക്കി. ക്രിക്കറ്റിന് പുതിയ ആരാധകരുണ്ടായി. നൂറു നൂറു മൈതാനങ്ങള്‍, കളിസ്ഥലങ്ങള്‍ ഉണ്ടായി. പിന്നീട് ക്രിക്കറ്റിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു. ഈ ഘട്ടത്തില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കാനായി ടെലിവിഷനിലെ സംപ്രേക്ഷണങ്ങളും ക്രിക്കറ്റിന് നിര്‍ലോഭമായി ലഭിച്ച ബഹുരാഷ്ട്ര കുത്തകകളുടെ സ്പോണ്‍സര്‍ഷിപ്പും സഹായിച്ചു. അങ്ങിനെ ലോകകപ്പ് വിജയത്തോടെ ക്രിക്കറ്റ് അഭൂതപൂര്‍വ്വമായ ജനപ്രീതി നേടുകയും ഇന്ത്യക്കാരുടെ ആത്മാവിനെയും ഹൃദയത്തെയും കീഴടക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ മാറ്റിമറിച്ച മറ്റൊരു ക്യാച്ച് 2007 ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിലായിരുന്നു. 2007 ലെ ലോകകപ്പില്‍ ഇന്ത്യക്ക് ദയനീയമായ പരാജയമാണുണ്ടായത്. ഇന്ത്യക്ക് സൂപ്പര്‍ സിക്സില് കടക്കാന്‍ കഴിഞ്ഞില്ല. പ്രഥമ റൗണ്ടില്‍ തന്നെ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. അങ്ങിനെ കരുത്തരില്ലാതെയാണ് സചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ് തുടങ്ങിയ പ്രഗത്ഭരായ കളിക്കാരില്ലാതെ ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് എം.എസ്.ധോണിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൗത്ത് ആഫ്രിക്കയിലേക്ക് ലോക കപ്പിന്റെ ക്രിക്കറ്റ് കുട്ടിരൂപത്തില് മത്സരിക്കാനെത്തിയത്.
നിര്‍ണ്ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെയും സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബ്രോഡിനെ ഒരോവറില്‍ ആറു പന്തും യുവരാജ് സിംഗ് സിക്സറടിക്കുകയുണ്ടായി. സെമിഫൈനലില്‍ കരുത്തരായ ആസ്ട്രേലിയയെയും ഇന്ത്യ കീഴടക്കി. അങ്ങിനെ ഫൈനലില്‍ ഇന്ത്യക്ക് നേരിടേണ്ടിവന്നത് അവരുടെ പാരമ്പര്യ എതിരാളികളെയായ പാകിസ്ഥാനെയായിരുന്നു.






