
ബെംഗലൂരു: റണ്‍സേറെ വഴങ്ങുന്നതിന്റെ പേരില്‍ ഒരുകാലത്ത് ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും ഏറെ പഴി കേട്ടിട്ടുളള ബൗളറാണ് മുഹമ്മദ് സിറാജ് (Mohmmed siraj). എന്നാല്‍ 2020-21 ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയശേഷം സിറാജ് വ്യത്യസ്തനായി. വേഗവും സ്വിംഗും ഒരുപോലെ വഴങ്ങുന്ന സിറാജ് കൃത്യതകൂടി പാലിക്കാന്‍ തുടങ്ങിയതോടെ എതിരാളികള്‍ ഭയക്കുന്ന ബൗളവായി മാറി.
എന്നാല്‍ 2019 ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിനു ശേഷം തന്നോട് പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പോകാന്‍ പറഞ്ഞവരുണ്ട്. 2019ലെ ഐപിഎല്ലില്‍ ഒമ്പത് കളികളില്‍ ഏഴ് വിക്കറ്റ് മാത്രം വീഴ്ത്തിയ സിറാജ് ഓവറില്‍ 10ന് അടുത്ത് റണ്‍സ് നേടിയിരുന്നു. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ തോറ്റു. കൊല്‍ക്കത്തെക്കെതിരായ ഒരു മത്സരത്തില്‍ 2.2 ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത സിറാജ് അഞ്ച് സിക്സും വഴങ്ങി.
നിരവധി കമന്റുകളാണ് ആളുകളുടെ ഭാഗത്തു നിന്ന് വന്നത്. എന്നാല്‍ ഇതുവരെയെത്താനുളള എന്റെ കഠിനാധ്വാനം ആരും കണ്ടില്ല. എന്നെ ഐപിഎല്ലിലേക്ക് ആദ്യമായി തെരഞ്ഞെടുത്തപ്പോള്‍ ധോണി ഭായി നല്കിയ ഉപദേശമാണ് ഞാന്‍ എപ്പോഴും ഓര്‍ക്കുന്നത്.
പുറത്തുനില്ക്കുന്നവര് പലതും പറയും, അതിനൊന്നും ചെവികൊടുക്കരുതെന്ന്. മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ നിന്നെ അഭിന്ദനങ്ങള്‍ കൊണ്ട് മൂടും. മോശം പ്രകടനം നടത്തിയാല്‍ അതേ ആളുകള്‍ തന്നെ ചീത്ത വിളിക്കും. അതൊന്നും കാര്യമായി എടുക്കേണ്ട എന്നായിരുന്നു ധോണി ഭായി പറഞ്ഞത്. എന്നെ ട്രോളിയവര്‍ തന്നെയാണ് ഇപ്പോള്‍ ഞാന്‍ മികച്ച ബൗളറാണെന്ന് പറയുന്നതും. അതുകൊണ്ടുതന്നെ ആരുടെയും അഭിപ്രായം ഞാന്‍ കേള്‍ക്കാറില്ല. പണ്ടത്തെ സിറാജ് തന്നെയാണ് ഞാനിപ്പോഴും.






