Authored by Web Desk | Last updated: 28 Nov 2020, 4:19 PM | 2 min read
''മുഖസൗന്ദര്യം സംരക്ഷിക്കാന്‍ ചെലവു കുറഞ്ഞ ചില ആയുര്‍വേദ മാര്‍ഗങ്ങള്‍. ഔഷധ പ്രയോഗവും ജീവിതശൈലിയില്‍ അനുയോഗ്യമായ മാറ്റങ്ങളും മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കും''
എണ്ണമയമുള്ള മുഖചര്മ്മമുള്ളവരും വരണ്ട ചര്‍മ്മമുള്ളവരും എന്ന് പൊതുവെ രണ്ടായി പറയപ്പെടുന്നുണ്ടെങ്കിലും ആയുര്‍വേദശാസ്ത്രമനുസരിച്ച് മൂന്ന് തരത്തില്‍ കാണപ്പെടുന്നു. വാതികസ്വഭാവത്തോടു കൂടിയ ചര്‍മ്മം കനം കുറഞ്ഞതും വരണ്ടതും തൊട്ടാല്‍ തണുപ്പ് അനുഭവപ്പെടുന്നതും ചുളിവുകള്‍ എളുപ്പം വീഴുവാന്‍ സാധ്യതയുള്ളതുമാണ്. ഇത്തരക്കാരില്‍ വിവിധതരം എണ്ണകള്‍ പുറമെ പുരട്ടുന്നതും നന്നായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. അല്ലെങ്കില്‍ പെട്ടെന്ന് ചുളിവുകള്‍ വീണ് സൗന്ദര്യം കുറയാന്‍ ഇടവരും.
മറ്റൊരു വിഭാഗം, പൈത്തിക സ്വഭാവത്തോടു കൂടിയ ചര്‍മ്മമുള്ളവരാണ്. ഇവരുടെ ചര്‍മ്മം ഒരുവിധം കനത്തോടു കൂടിയും മൃദുവായതും തൊട്ടാല്‍ ചൂട് അനുഭവപ്പെടുന്നതും പാടുകളും മറുകുകളും ഉണ്ടാകാന്‍ സാധ്യത കൂടിയവരുമാണ്. ഇത്തരക്കാരില്‍ കൃത്രിമമായതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലം പൊതുവെ വിപരീതഫലങ്ങള്‍ അഥവാ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായികാണാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മമുള്ളവര്‍ വിദഗ്ധ ഉപദേശം കുടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സൂക്ഷിക്കണം. അതുപോലെ കൂടുതല്‍ എരിവ്, മസാലകള്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും നല്ലതാണ്.
മൂന്നാമത്തെ വിഭാഗം, ചില ആളുകളില്‍ ചര്‍മ്മം മൃദുവായതും എന്നാല്‍ കട്ടിയുള്ളതും എണ്ണമയത്തോടു കൂടിയതുമായിരിക്കും. ഇത്തരം ആളുകളില്‍ മുഖത്ത് ചുളിവുകള്‍ സാവകാശമേ പ്രത്യക്ഷപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ വിഭാഗക്കാര്‍ക്ക് എണ്ണയുടെയും മധുരപദാര്ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്.
ത്വക്കിന്റെ സൗന്ദര്യമെന്നത് ശരീരത്തിലെ ആമാശയത്തിലും കോശങ്ങളിലും നടക്കുന്ന ദഹനപ്രക്രീയയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനത്തിന്റെ വൈകല്യം മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ചില വിഷസ്വഭാവങ്ങള് മുഖക്കുരു പോലെയുള്ള ആരോഗ്യസൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇവ െഒഴിവാക്കി മുഖസൗന്ദര്യ വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍.
1. മുഖക്കുരുവിന്റെ പ്രശ്നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
2. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
3. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.
4. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
5. മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഉപയോഗിക്കുന്നവയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് രക്തചന്ദനം. രക്തചന്ദനം തേനുമായി ചേര്‍ത്തരച്ച് കിട്ടുന്ന ലേപനം മുഖത്ത് പൂശിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക.
6. ഞാവല്‍ തളിര്, മാവിന് തളിര്, മഞ്ഞള്‍, മരമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവ തൈരില്‍ അരച്ച് പുതിയ ശര്‍ക്കരയും ചേര്‍ത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനു ഫലപ്രദമാണ്.
7. ആര്യവേപ്പിലയും പച്ചമഞ്ഞളും തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുന്നത് ചിക്കന്‍പോക്സ് മൂലം വന്ന പാടുകള്‍ മാറാന്‍ ഉപയോഗിച്ചു വരുന്നു.
8. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.
9. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
10. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും ഉപയുക്തമാണ്.
11. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.
12. കുങ്കുമാദി, ലാക്ഷാദി, മുതലായ തൈലങ്ങള്‍ കൊണ്ട് മുഖം മസാജ് ചെയ്യുക.
13. പപ്പായ, പാളയം കോടന് പഴം (മൈസൂര്‍ പൂവന്) എന്നിവ തേനും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക.
14. നീരാവികൊണ്ട് മുഖം വിയര്‍പ്പിച്ചാല്‍ മുഖചര്‍മ്മത്തിലെ ചുളിവുകളും മാലിന്യങ്ങളും അകറ്റി മുഖചര്ത്തിന് ആകൃതിയും നിറവും പ്രദാനം ചെയ്ത് മുഖകാന്തിയെ വര്‍ധിപ്പിക്കുന്നതാണ്.
15. ഔഷധ ചൂര്ണങ്ങള്കൊണ്ട് പല്ലും മോണയും തേയ്ക്കുന്നത് പല്ലുകള്‍ക്ക് നിറം ഉണ്ടാകുന്നതിനും, പുറത്തേക്കുള്ള തള്ളല്‍ ഒഴിവാക്കി മോണയുടെയും മുഖത്തിന്റെയും ആകൃതി ശരിയാം വിധം നിലനിര്‍ത്തുന്നതിന് സഹായകരമാണ്.