
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കുമോ എന്ന് ഇന്നറിയാം. മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷനേതാവിനും മുന്മന്ത്രിമാര്ക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം.
കെ എം മാണിക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്കിയ ബിജുരമേശ് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കള്‍ക്കെതിരെ രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല.
ബാര്‍കോഴയില്‍ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്.






