
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വഭാവികതയില്ലെന്ന് മുഖ്യമന്ത്രി. തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയത് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ്. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് ഇടപെടലിനെതിരെ പാര്ട്ടികക്കത്തും പുറത്തും രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി പരിശോധനയെ ന്യായീരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രമണ്‍ ശ്രീവാസ്തവയ്ക്കെതിരായ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി.
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികള്‍. ക്രമക്കേടുകള്‍ സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ക്രമക്കേടുകളെ കുറിച്ച് രഹസ്യാന്വേഷണം നടത്തും. അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ശരിയാണെന്നു കണ്ടാല്‍ തുടര്‍ നടപടികളിലേക്കു കടക്കും. പരിശോധന ആവശ്യമെങ്കില്‍ മിന്നല്‍ പരിശോധനക്കുവേണ്ട നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകും. മിന്നല്‍ പരിശോധനക്കു വിജിലന്‍സ് ഡയറക്ടറുടെ അനുമതി മാത്രമാണു വേണ്ടതെന്നും മറ്റേതുതരത്തിലുള്ള അനുമതിയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതാദ്യമായല്ല സംസ്ഥാനത്ത് ഇത്തരം പരിശോധനകള്‍ നടക്കുന്നത്. 2018-19 കാലയളവില്‍ 18 പരിശോധനകളാണ് നടന്നിട്ടുള്ളത്. 2020ല്‍ കോവിഡ് സാഹചര്യം പരിശോധനകളെ സാരമായി ബാധിച്ചു. ഈ വര്‍ഷം ഏഴ് പരിശോധനകള്‍ മാത്രമാണ് നടന്നത്. ഇതില്‍ കെഎസ്എഫ്ഇയില്‍ നടത്തിയ പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തി. ഇത് സാമ്പത്തിക നിലയെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്. ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ ഓഡിറ്റിംഗ്, ഇന്റേണല്‍ വിജിലന്‍സ് എന്‍ക്വയറി, വകുപ്പുതല നടപടി അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാവുക. നേരിട്ടുള്ള നടപടിയിലേക്ക് വിജിലന്‍സ് കടക്കുകയില്ല. പകരം നവംബര്‍ 27ന് തിരഞ്ഞെടുക്കപ്പെട്ട 40 കെഎസ്എഫ്ഇ ശാഖകളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകുന്നമുറക്ക് സര്‍ക്കാര്‍ നടപടികള്‍ക്കായി അയക്കും. ഇത്രയുമാണ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളായി അദ്ദേഹം പറഞ്ഞത്.
രമണ്‍ ശ്രീവാസ്തവയ്ക്കെതിരായ ആരോപണങ്ങളേയും മുഖ്യമന്ത്രി തള്ളി. വിജിലന്‍സ് അന്വേഷണത്തില്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സിന്റേയോ, ജയിലിന്റേയോ, ഫയര്ഫോഴ്സിന്റേയോ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ മറ്റു ദൈനംദിന നടത്തിപ്പിലോ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിനു യാതൊരു പങ്കുമില്ല. അദ്ദേഹത്തിന് നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കളിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






