
നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ സെക്രട്ടറി സാമന്ത് ഗോയൽ. സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ശരിയായി തോന്നുന്നില്ലെന്ന് സാമന്ത് ഗോയൽ പറഞ്ഞു. സുരക്ഷ കുറയ്ക്കുന്നതിനു പകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ അന്താരാഷ്ട്ര സുരക്ഷാ സാഹചര്യം അപ്രവചനീയമാണെന്ന് സാമന്ത് ഗോയൽ പറയുന്നു. ഏറ്റവും സുരക്ഷിത രാജ്യമെന്ന് കരുതുന്ന അമേരിക്കയിൽ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് നേരെ മൂന്ന് ആക്രമണങ്ങളാണ് ഉണ്ടായത്. ഇന്ത്യക്കെതിരായ നിലപാടുമായി നിരവധി ഘടകങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ അയൽരാജ്യത്തടക്കം ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഈ ഒരു സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ തീർച്ചയായും ഒരുക്കേണ്ടതുണ്ടെന്നാണ് വ്യക്തിപരമായി തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഡ്രോണുകളും സ്നൈപ്പർ തോക്കുകളും ഭീഷണിയായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ കുറയ്ക്കുന്നതിനു പകരം അവലോകനത്തിന് ശേഷം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇപ്പോഴത്തെ നടപടി തനിക്ക് ശരിയായി തോന്നുന്നില്ല. അത് രാജ്യതാൽപര്യത്തിൽ പെടുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






