
തിരുവനന്തപുരം : കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയതു റെയഡ്ല്ല, പ്രാഥമിക പരിശോധന മാത്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.എഫ്.ഇയിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ പോരായ്മകള്‍ കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണു വിജിലന്‍സ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ വിജിലന്‍സിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ 40 ശാഖകളില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സിനെതിരേ ധനമന്ത്രി തോമസ് ഐസക്കും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. പോലീസ് നിയമ ഭേദഗതിക്കു പിന്നാലെ, തന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പ് വീണ്ടും ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിന്റെ മുള്മുനയിലായതോടെയാണ് എല്ലാം ലഘൂകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇവരെ താനുമായി തെറ്റിക്കാനുള്ള ശ്രമങ്ങള്‍ മനസില്‍ വച്ചാല്‍ മതിയെന്നും മാധ്യമങ്ങളെ ലക്ഷ്യമിട്ട് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജിലന്‍സിന്റെ സാധാരണയായുള്ള മിന്നല്‍ പരിശോധനാ നടപടിക്രമങ്ങള്‍ വിവരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ വര്‍ഷം പതിനെട്ടും ഇക്കൊല്ലം കെ.എസ്.എഫ്.ഇയിലടക്കം ഏഴും മിന്നല്‍പരിശോധനകള്‍ നടത്തി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേടുകളുണ്ടോയെന്നു കണ്ടെത്താന്‍ വേണ്ടിയാണിത്. പോലീസ് സ്റ്റേഷനുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്റ്സ് വിഭാഗം രഹസ്യാനേ്വഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ കാര്യത്തില്‍ അവരുടെ ഉദ്യോഗസ്ഥര്‍ തന്നെ ചില പോരായ്മകള്‍ കണ്ടെത്തിയതാണ്. അതു സ്ഥാപനത്തിന്റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന ശങ്ക അവര്‍ക്കുണ്ടായി. കഴിഞ്ഞ ഒക്േടാബര്‍ 19-ന് വിജിലന്‍സിന്റെ മലപ്പുറം ഡിവൈ.എസ്.പി. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. 27-നു സോഴ്സ് റിപ്പോര്‍ട്ട് പരിശോധിച്ച് സംസ്ഥാനതല മിന്നല്‍ പരിശോധനയ്ക്ക് വടക്കന്‍ മേഖലാ സൂപ്രണ്ട് ശിപാര്‍ശ ചെയ്തു.
വിജിലന്‍സ് ആസ്ഥാനത്തെ രഹസ്യാനേ്വഷണവിഭാഗം ഇത് വെരിഫൈ ചെയ്തശേഷം നവംബര്‍ പത്തിനു വിജിലന്‍സ് ഡയറക്ടറാണു പരിശോധനയ്ക്ക് ഉത്തരവിട്ടത്. 40 ശാഖകള്‍ തെരഞ്ഞെടുത്ത് 27-നു മിന്നല്‍ പരിശോധന നടത്തി.
റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അതു പരിശോധിച്ച് വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ടയയ്ക്കും. തുടര്‍ന്നു സര്‍ക്കാരാണു തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.






