
ടെക്സസ്: ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്നും 'ഡാര്‍ക്ക് പാറ്റേണുകള്‍' ഉപയോഗിച്ച് ആളുകളെ വീഡിയോകള്‍ക്ക് അടിമകളാക്കുന്നു വെന്നും ആരോപിച്ച് അമേരിക്കയില്‍ നെറ്റ്ഫ്ളിക്സിനെതിരേ കേസ്. ടെക്സസ് സംസ്ഥാനം സ്ട്രീമിംഗ് ഭീമനെതിരെ നിയമനടപടി സ്വീകരിച്ചു. എ ന്നാല് ഈ ആരോപണങ്ങള്‍ നെറ്റ്ഫ്ലിക്സ് നിഷേധിച്ചു.
കുട്ടികളെയും കുടുംബങ്ങളെയും സ്ക്രീനില്‍ തളച്ചിടുകയും അവരുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു എന്നാണ് ടെക്സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നത്. 'നിങ്ങള്‍ നെറ്റ്ഫ്ലിക്സ് കാണുമ്പോള്‍ നെറ്റ്ഫ്ലിക്സ് നിങ്ങളെയും നിരീക്ഷിക്കുന്നു' എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പുകളിലോ വെബ്സൈറ്റുകളിലോ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനോ ഉപയോഗിക്കുന്ന തന്ത്രപരമായ രൂപകല്‍പ്പനയാണ് ഡാര്‍ക്ക് പാറ്റേണുകള്‍.
നെറ്റ്ഫ്ലിക്സിന്റെ കാര്യത്തില്‍, ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പഠിച്ച് അവരെ നിരന്തരം വീഡിയോ കാണാന്‍ പ്രേരിപ്പിക്കുന്ന 'റെക്കമെന്ഡേ ഷന് എന്ജിന്' ഇതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ക്യാമറ ഉപയോഗിച്ച് നേരിട്ട് കാണുന്നു എന്നതിലുപരി, ഉപയോക്താവ് എപ്പോള്‍ വീഡിയോ കാണുന്നു, എവിടെ വെച്ച് നിര്‍ത്തുന്നു, ഏത് ഭാഗം വീണ്ടും കാണുന്നു തുടങ്ങിയ കാര്യങ്ങള്‍ നെറ്റ്ഫ്ലിക്സ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ സ്വഭാവം മുന്‍കൂട്ടി മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
തെറ്റായ വിവരങ്ങളാണെന്നാണ് നെറ്റ്ഫ്ളിക്സിന്റെ വാദം. ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുന്നുണ്ടെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. മെറ്റാ (ഫേസ്ബുക്ക്), യൂട്യൂബ് തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ ഇപ്പോള്‍ നെറ്റ്ഫ്ലിക്സും സമാനമായ രീതിയില്‍ 'അഡിക്ഷന്' വളര്‍ത്തുന്നു എന്ന ആരോപണം നേരിടുകയാണ്. പൗരന്മാരുടെ വിവരങ്ങള്‍ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ കോടതിയുടെ കണ്ടെത്തല്‍ നിര്‍ണ്ണായകമാകും.






