
ന്യൂഡൽഹി: പെട്രോളിന്റെയും എല്പിജിയുടെയും കാര്യത്തിൽ ഉടനെ പ്രശ്നമുണ്ടാവില്ലെന്ന് സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. എന്നാൽ, ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഭാവിയിൽ വില വർധിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.
കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടായിട്ടില്ലെന്നും 2022-ലാണ് അവസാനമായി വില കൂട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി."തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വില കൂടുമെന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ എത്ര തിരഞ്ഞെടുപ്പുകൾ നടന്നു?" എന്ന് ചോദിച്ച മന്ത്രി, തിരഞ്ഞെടുപ്പും ഇന്ധനവില പരിഷ്കരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഊന്നിപ്പറഞ്ഞു. അതേസമയം, "വില കൂടില്ലെന്ന് താൻ പറയുന്നില്ല" എന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ അതിന് തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലെന്നും ആവർത്തിച്ചു.
അതേസമയം, എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും ത്രൈമാസ നഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയോളം വരുമെന്നും മന്ത്രി പറഞ്ഞു. മധ്യേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, രാജ്യത്ത് നിലവിൽ 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, എൽഎൻജി ശേഖരവും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ഉണ്ടെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.
സിഐഐ വാർഷിക ബിസിനസ് സമ്മിറ്റ് 2026-ൽ സംസാരിക്കവേ, പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും മൂന്ന് മാസത്തെ കണക്കനുസരിച്ച് ഇത് ഒരു ലക്ഷം കോടി രൂപയോളം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ എൽപിജി ഉൽപ്പാദനം പ്രതിദിനം 35,000-36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ ഇന്ധനവിലയിൽ വൻ അസ്ഥിരത നിലനിൽക്കുമ്പോഴും, സംഘർഷം ആരംഭിച്ച് 70 ദിവസങ്ങൾ പിന്നിട്ടിട്ടും പെട്രോളിയം വില സ്ഥിരമായി നിലനിൽക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പല രാജ്യങ്ങളിലും വില 30 മുതൽ 70 ശതമാനം വരെ വർദ്ധിച്ചു. എന്നാൽ, ആഗോളതലത്തിലെ ഈ കനത്ത വിലക്കയറ്റത്തിന്റെ ഭാരം ഇന്ത്യൻ പൗരന്മാരിലേക്ക് എത്താതിരിക്കാൻ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികൾ പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടം സഹിക്കുന്നുണ്ട്. 2026-ലെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾ കണക്കാക്കുന്നത്.






