
ന്യൂഡല്‍ഹി : കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്ന മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) എന്നീ വണ്ടികള്‍ ഈ മാസം എട്ടിനും മധുര-പുനലൂര്‍ എക്സ്പ്രസ് വെള്ളിയാഴ്ചയും സര്‍വീസ് ആരംഭിക്കും.
ചെന്നൈ-തിരുച്ചെന്തൂര്‍, ചെന്നൈ-കാരയ്ക്കല്‍, മധുരവഴിയുള്ള കോയമ്പത്തൂര്‍-നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍-രാമേശ്വരം, ചെന്നൈ-നാഗര്‍കോവില്‍, ചെന്നൈ-മന്നാര്‍ഗുഡി എന്നിവയാണ് വീണ്ടും സര്‍വീസ് തുടങ്ങുന്ന മറ്റുവണ്ടികള്‍.
കോവിഡ്കാല സ്പെഷ്യല്‍ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളുണ്ടാവില്ല. എല്ലാം റിസര്‍വേഷന്‍ കോച്ചുകളായിരിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം.
അതേസമയം, പകല്‍വണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്പ്രസുകള്‍ എന്ന് ഓടിത്തുടങ്ങുമെന്നു വ്യക്തമല്ല.






