
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുറേവി ഇന്ത്യന്‍ തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തിയിട്ടുണ്ട്.
ഉച്ചയോടെ തമിഴ്നാട് തീരത്തേക്ക് കാറ്റെത്തുമെന്നാണ് സൂചന. നാളെ കേരളത്തിലും കാറ്റടിക്കും. കേരളതീരത്ത് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ടാണ് റെഡ് അലേര്‍ട്ടാക്കി ഉയര്‍ത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തെക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ കാറ്റിന്റെ പരമാവധി വേഗത 90 കിലോമീറ്ററാണ്. കളക്ടറുടെ മേല്‍നോട്ടത്തില്‍ തീരദേശ മേഖലകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ല പൂര്‍ണ്ണമായും ജാഗ്രതയിലാണ്. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുറന്നു. പ്രത്യേക കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്. കളക്ട്രേറ്റില്‍ 24 മണിക്കൂറും ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംസാരിച്ചു. വിപുലമായ മുന്നൊരുക്കങ്ങളാണ് സജ്ജമാക്കയിരിക്കുന്നതെന്ന് അമിത്ഷാ പറഞ്ഞു. എല്ലാ സഹായവും വാഗ്ദാനംചെയ്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.






