
അമേരിക്കന്‍ മോഡലായ ക്രിസ്സി ടെയ്ഗെന്‍ മുലയൂട്ടലിനെ പറ്റിയും ഫോര്‍മുല മില്‍ക്കിനെ പറ്റിയും പങ്കുവെച്ച ട്വീറ്റുകളാണ് ശ്രദ്ധേയമാകുന്നത്. മുലയൂട്ടല്‍ പോലെ തന്നെ വളരെ സാധാരണ കാര്യമാണ് കുട്ടികള്‍ക്ക് ഫോര്‍മുല മില്‍ക്ക് നല്‍കുന്നതെന്നാണ് ക്രിസ്സി ടെയ്ഗെന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. തനിക്ക് വളരെ കുറച്ച് പാല് മാത്രമാണ് ഉണ്ടായിരുന്നതെന്നും, എന്നാല്‍ കൃത്രിമ പാല് നല്കാന് തനിക്ക് മടിയായിരുന്നുവെന്നും ക്രിസ്സി കുറിക്കുന്നു.
'' മുലയൂട്ടല്‍ ഒരു സാധാരണ കാര്യമായി എല്ലാവരും കാണുന്നതു പോലെ കുഞ്ഞിന് ഫോര്‍മുല മില്‍ക്ക് നല്‍കുന്നതും സാധാരണമാവണം. കുഞ്ഞിന് നല്‍കാനുള്ള മുലപ്പാല്‍ ഇല്ലാതിരുന്നപ്പോഴും ഫോര്‍മുല മില്‍ക്ക് പോലുള്ളവ നല്കാന് എനിക്ക് വലിയ നാണക്കേടായിരുന്നു. വിഷാദവും മറ്റ് ശാരീരിക അസ്വസ്ഥതകളും എല്ലാമായിരുന്നു എനിക്ക് പാല് കുറയാന്‍ കാരണമായത്.
വാടകഗര്‍ഭത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാന് കഴിയാറില്ല. അവര്‍ക്കും ആശ്രയിക്കാനാവുക ഫോര്‍മുല മില്‍ക്കാണ്. മാത്രമല്ല പല പുതിയ അമ്മമാര്‍ക്ക് പാലുണ്ടാകാനും മുലയൂട്ടാന്‍ ശീലമാകാനും അല്പം സമയം വേണ്ടിവരും, ഇത് അവരെ വിഷാദത്തിലേക്ക് തള്ളിവിടും. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ കുഞ്ഞിന് ഫോര്‍മുല മില്‍ക്ക് നല്‍കാം.
മുലപ്പാല്‍ നല്കാന് കഴിയാത്തതിന്റെ കുറ്റബോധം വലുതായിരുന്നു. എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു വേദന വന്നതെന്നായിരുന്നു അപ്പോള്‍ ചിന്ത. ആ ഓര്‍മകളാണ് കുഞ്ഞിന് വേണ്ടി ശരിയായ തീരുമാനങ്ങളെടുക്കൂ എന്ന് ഓരോ അമ്മമാരോടും പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. '' - രണ്ട് മക്കളുടെ അമ്മയായ ക്രിസ്സി കുറിക്കുന്നു.






