
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. ഡിസംബര്‍ 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
സ്വര്‍ണക്കടത്തിനു പുറമേ കെ.ഫോണ്‍, ലൈഫ് മിഷന് പദ്ധതികളുടെ വിവരങ്ങള്‍ രവീന്ദ്രനില്‍ നിന്നും ഇ.ഡി തേടിയേക്കും. ഇതു മൂന്നാം തവണയാണ രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്‍കുന്നത്. ആദ്യം നോട്ടീസ് നല്‍കിയതിനു പിന്നാലെ കൊവിഡ് ബാധിതനാണെന്ന് കാണിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. രോഗമുക്തനായി തിരിച്ചെത്തിയ ശേഷം നോട്ടീസ് നല്‍കിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ച് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. ആശുപത്രി വിട്ടശേഷം വിശ്രമത്തിലാണ് രവീന്ദ്രന്. രണ്ടാഴ്ച വിശ്രമം വേണമെന്ന് ആശുപത്രിയും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
അതേസമയം, രവീന്ദ്രന്റെ രോഗബാധ വ്യാജമാണെന്നു രാഷ്ട്രീയ ആരോപണമുയര്‍ന്നിരുന്നു. കൊവിഡ് ബാധിച്ചിരുന്നെന്ന് ഉറപ്പാക്കാന്‍ ആന്റിബോഡി പരിശോധനയടക്കം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. രവീന്ദ്രനു കൊവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ടു നിരീക്ഷണത്തില്‍ പോയില്ലെന്ന ചോദ്യവുമുയര്‍ന്നു.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ രവീന്ദ്രനു കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നു വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇ.ഡിക്കു മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. എന്നാല്‍ ബിനാമി നിക്ഷേപമുണ്ടെന്നു സംശയമുള്ള വടകരയിലെ ചില സ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയതിനു പിന്നാലെ രവീന്ദ്രന് ആശുപത്രിവിട്ടു. ചോദ്യംചെയ്യല്‍ വൈകിപ്പിക്കാനാണ് ആശുപത്രിവാസമെന്ന വിലയിരുത്തലിലാണു റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യലിനു മുന്നോടിയായിട്ടുള്ള പരിശോധനകള്‍ നടന്നു വരികയാണ്.
സ്ഥാപനങ്ങളിലെ രേഖകള്‍ പരിശോധിച്ച ഇ.ഡി. സ്ഥാപനങ്ങള്‍ തുടങ്ങിയതിന്റെ മൂലധനത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്. സി.പി.എം. വടകരയിലെ ചെറുതും വലുതുമായ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് അന്വേഷണത്തിലുള്ളത്. ഒരു സ്ഥാപനത്തില്‍ മാത്രമേ പങ്കാളിത്തമുള്ളൂ എന്നാണു രവീന്ദ്രന്റെ വാദം. എട്ടു ലക്ഷം രൂപയാണു മുതല്‍മുടക്കെന്നും പറയുന്നു. എന്നാല്‍, ബിനാമി നിക്ഷേപങ്ങളുണ്ടോ എന്നാണ് ഇ.ഡിയുടെ വിശദാന്വേഷണം. രവീന്ദ്രന്റെ ഭാര്യയുടെ നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്.






