
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറോഷന്‍ തിരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി ടിആര്‍എസും എഐഎംഐഎമ്മും തമ്മില്‍ രഹസ്യസഖ്യമുണ്ടെന്നും ഓവൈസിയും കെ ചന്ദ്രശേഖര റാവുവും ഒരുമിച്ച് ബിരിയാണി കഴിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി.
'ഹദരാബാദ് ഒരു മിനി തെലങ്കാനയാണ്. ജനങ്ങള്‍ പിന്തുണ നല്‍കുകയും 48 സീറ്റുകള്‍ നല്കി ബിജെപിയെ അനുഗ്രഹിക്കുകയും ചെയ്തു. ജനങ്ങള്‍ അസദുദ്ദീന്‍ ഓവൈസിക്ക് എതിരാണ്. 2023 ല്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടയാന്‍ ഓവൈസിക്കോ കെസിആറിനോ കഴിയില്ല' കൃഷ്ണ റെഡ്ഡി പറഞ്ഞു.
ബിജെപി ഉറ്റുനോക്കിയ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവക്കാന്‍ കഴിഞ്ഞിരുന്നു. 56 വാര്‍ഡുകളില്‍ ജയിച്ച ടിആര്‍എസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ഭരണം നിലനിര്‍ത്താന്‍ 20 സീറ്റുകള്‍ കുറവുണ്ട്. 48 സീറ്റുകളുമായി ബിജെപിയാണ് രണ്ടാം സ്ഥാനത്ത് 44 സീറ്റുകളുമായി എഐഎംഐഎം മൂന്നാം സ്ഥനത്തും എത്തി.
ഭരണം തുടരാന്‍ ടിആര്‍എസും എഐഎംഐഎമ്മും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എഐഎംഐഎമ്മുമായി സഖ്യം രൂപീകരിക്കാന്‍ കെ ചന്ദ്രശേഖര റാവു തന്റെ വീട്ടില്‍ യോഗം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കൃഷ്ണ റെഡ്ഡി ആരോപിച്ചു.






