
ന്യൂഡല്‍ഹി/ലക്നൗ: കര്‍ഷകര്‍ക്ക് പിന്തുണയുമായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലക്നൗവില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ കനൗജ് ജില്ലയില്‍ നടത്താനിരുന്ന 'കിസാന്‍ യാത്ര'യ്ക്ക് മുന്നോടിയായി അദേഹത്തിന്റെ വസതിയിലേയ്ക്കുള്ള റോഡ് അടച്ചതോടെയാണ് അഖിലേഷ് യാദവ് കുത്തിയിരുപ്പ് സമരം നടത്തിയത്.
ലക്നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ വസതിയ്ക്ക് സമീപം സ്ഥാപിച്ച പോലീസ് ബാരിക്കേഡുകള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി പ്രവര്‍ത്തകര്‍ തകര്‍ത്തു. പോലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എസ്പി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും അഖിലേഷ് യാദവ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്ന് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കിസാന്‍ യാത്രയ്ക്ക് അുമതി നിഷേധിച്ചിരുന്നതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. നിരവധി എസ്പി നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.സംസ്ഥാനത്തുടനീളമുള്ള കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയാണ് കിസാന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
അതിനിടെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത ബന്ദിനെ പിന്തുണയ്ക്കാന്‍ ജനങ്ങളോട് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഭാരത ബന്ദിന് മുന്നോടിയായി ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് വിന്യാസം വര്‍ദ്ധിപ്പിച്ചു. നിയമങ്ങള്‍ക്കെതിരായ രാജ്യവ്യാപക സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും കര്‍ഷകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, എന്‍സിപി, സിപിഐ(എം), ഡിഎംകെ എന്നിവര്‍ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.






