
കടുത്തുരുത്തി: പുഞ്ചക്കൃഷി നെല്ലുസംഭരണം പാതി പിന്നിട്ടപ്പോള്‍ കര്‍ഷകര്‍ക്കു സപ്ലൈകോ നല്‍കാനുള്ളത് 280 കോടി രൂപ. ഒന്നാം സീസണിലെ വിലയായ 315 കോടി ഉള്‍പ്പെടെ 446 കോടി രൂപയാണ് ഇതുവരെ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ 18നു ശേഷം സപ്ലൈകോ പണം നല്‍കാതിരുന്നതോടെ പ്രതിസന്ധിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. സ്വര്‍ണം പണയപ്പെടുത്തി വായ്‌പയെടുത്തും പലിശയ്‌ക്ക് വാങ്ങിയും കൃഷിയിറക്കിയവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കഴിഞ്ഞവര്‍ഷം നെല്ല് സംഭരണം കഴിഞ്ഞു മൂന്നുമാസത്തിനുശേഷമാണു കര്‍ഷകര്‍ക്കു പണം ലഭിച്ചത്. ഇതു കര്‍ഷകരെ വലച്ചിരുന്നു. തെരഞ്ഞെടുപ്പ് ആയതിനാല്‍ ഈവര്‍ഷം നേരത്തെ പണം കിട്ടുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചത്. പക്ഷേ, അതുണ്ടായില്ല. ഇതോടെ പണം എന്നു കിട്ടുമെന്നറിയാതെ കാത്തിരിപ്പിലാണ് കര്‍ഷകര്‍.
സപ്ലൈകോയുമായി കരാറിലുള്ള കനറ, എസ്.ബി. ഐ. എന്നീ ബാങ്കുകള്‍ മുഖേനയാണ് കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. കഴിഞ്ഞവര്‍ഷത്തെ പണം സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ എസ്.ബി.ഐ. വായ്‌പ വിതരണം നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷം മുതല്‍ പാലക്കാട് ജില്ലയില്‍ സഹകരണ ബാങ്കുകള്‍ മുഖേനയാണ് പണം നല്‍കുന്നത്. അതിനാല്‍ ഇവിടെ അഞ്ചു കോടി രൂപ മാത്രമാണ് ഇനി കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഏറ്റവും കൂടുതല്‍ പണം നല്‍കാനുള്ളതു തൃശൂര്‍ ജില്ലയിലാണ്;118 കോടി. ആലപ്പുഴ: 81 കോടി, കോട്ടയം: 18 കോടി, എറണാകുളം: 11 കോടി രൂപ എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ഇതുവരെ 91,096 കര്‍ഷകരില്‍നിന്നായി 2.43 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു. ഇനിയും ഏകദേശം ഇത്രയും തന്നെ കര്‍ഷകരില്‍നിന്നു സംഭരിക്കാനുണ്ട്. പണം ലഭിക്കാന്‍ അടുത്ത സര്‍ക്കാര്‍ വരുന്നവരെ കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ബൈജു പെരുവ






