
ഭോപ്പാല്‍: സദ്യയിലെ ഭക്ഷണത്തില്‍ സ്പര്‍ശിച്ചതിന് മദ്ധ്യപ്രദേശില്‍ ദളിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തൊട്ടുകൂടായ്മ നില നില്ക്കുന്ന എന്ന് സൂചന നല്കുന്ന സംഭവം മദ്ധ്യപ്രദേശിലെ ബുണ്ടല്ഖണ്ഡിലാണ് നടന്നത് തിങ്കളാഴ്ച ഛത്താര്‍പൂരില്‍ നടന്ന സംഭവത്തില്‍ 25 കാരനാണ് കൊല്ലപ്പെട്ടത്. സദ്യയില്‍ തൊട്ട് അശുദ്ധമാക്കി എന്നാരോപിച്ചായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.
ദേവ് രാജ് അനുരാഗി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭൂരാസോനി, സന്തോഷ് പാല് എന്നിവരാണ് പ്രതികള്‍. ഭോപ്പാലില്‍ നിന്നും 450 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന കിഷന്‍പൂര്‍ ഗ്രാമത്തില്‍ ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥലത്തു വെച്ചായിരുന്നു അക്രമം. സ്ഥലം വൃത്തിയാക്കാന്‍ വിളിച്ചുവരുത്തിയ ദേവ് രാജ് ഇവിടെവെച്ച് ഭക്ഷണം സ്വയം വിളമ്പിക്കഴിക്കുന്നത് കണ്ട് സോനിയും സന്തോഷ് പാലും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മടിയും മറ്റു വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.
അനുരാഗി മരിച്ചെന്ന് ബോദ്ധ്യമായതോടെ സോനിയും പാലും സ്ഥലംവിടുകയും ചെയ്തു. ഇരുവര്‍ക്കുമെതിരേ പട്ടികജാതി / പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇരുവരും കര്‍ഷകരാണ്. ഭൂരാസോനിക്ക് മുമ്പും ക്രിമിനല്‍ റെക്കോഡുകള്‍ ഉള്ളയാളാണെന്ന് സംഭവത്തില്‍ കേസെടുത്ത ഛത്തര്പൂര് പോലീസ് പറഞ്ഞു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഛത്തര്പൂര് എസ്പി സച്ചിന് ശര്‍മ്മ പറഞ്ഞു.






