
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കത്ത് നല്കി. കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. അഭിഭാഷകന് മുഖേനയാണ് ഇ.ഡിക്ക് കത്ത് നല്‍കിയത്. രവീന്ദ്രന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ശിപാര്‍ശയും കത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
തനിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്.-രവീന്ദ്രന് പറയുന്നു.
ഇന്ന് ഹാജരാകണമെന്ന് കാണിച്ചാണ് രവീന്ദ്രന് ഇ.ഡി മൂന്നാം തവണയും കത്ത് നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡും കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളും കാണിച്ച് രവീന്ദ്രന് ഹാജരായിരുന്നില്ല. മൂന്നാം തവണയും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് രവീന്ദ്രന്.
എന്നാല്‍ രവീന്ദ്രന്റെ കത്തിനോട് ഇ.ഡി എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.






