
യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. ഇതോടെ ഈ വാഹനം പൂര്‍ണമായും സുരക്ഷിതമാണെന്നും തെളിയിച്ചിരിക്കുകയാണ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ഡീസല്‍ വേരിയന്റായ എസ്.ഇ ആണ് ക്രാഷ് ടെസ്റ്റിനെത്തിയത്.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 85 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 79 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 71 ശതമാനവും മാര്‍ക്ക് ഡിഫന്‍ഡര്‍ നേടി. ഈ റിസള്‍ട്ട് ഇന്ത്യയിലെത്തുന്ന ഡിഫന്‍ഡറിനും ബാധകമാകുമെന്നാണ് സൂചന. കാല്‍നട യാത്രക്കാരുടെയും സുരക്ഷ വാഹനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ക്രാഷ് ടെസ്റ്റ് ഫലം തെളിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നിരത്തിൽ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ എത്തിയിട്ടുള്ളത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും. ഇതിൽ 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവുമുണ്ട്. പുതിയ ഡിഫന്‍ഡര്‍ കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് നിര്‍മിച്ചിരിക്കുന്നത്.






