
കൊറിയന്‍ ഭാഷയില്‍ കിം കി ഡുക്ക് എന്നാല്‍ വലിപ്പമുള്ള സ്വര്‍ണക്കിരീടം എന്നാണ് അര്‍ഥം. തന്റെ പേരിന്റെ അര്‍ഥം അതാണെങ്കിലും കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക് മനുഷ്യന്റെ മുള്ക്കിരീടങ്ങളെക്കുറിച്ചും ഏകാന്തതയെയും കുറിച്ചുമാണ് കൂടുതലും സിനിമകളിലൂടെ പറഞ്ഞത്.
31 ാമത്തെ വയസില്‍ ആദ്യമായി സിനിമ കാണുകയും തുടര്‍ന്നുള്ള 17 വര്‍ഷംകൊണ്ടു ലോകത്തിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്രകാരനായി മാറുകയുമായിരുന്നു കിം കി ഡുക്ക്. 1996 ല്‍ ക്രോക്കെഡെല് എന്ന ആദ്യ ചിത്രത്തിനുശേഷം 2019 ല്‍ ഇറങ്ങിയ ഡിസോള്‍വ് വരെ 24 ചിത്രങ്ങളാണ് കിം സംവിധാനം ചെയ്തത്.
2008 ല്‍ പുറത്തിറങ്ങിയ ഡ്രീം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായികയ്ക്കു പറ്റിയ അപകടം കിം കി ഡുക്കിനെ വിഷാദരോഗിയാക്കി. മാനസികരോഗിയായി മൂന്നു വര്‍ഷത്തോളം ആള്‍ക്കൂട്ടത്തില്‍നിന്നും സിനിമയില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
ഒരു കുന്നിന് ചെരിവിന്റെ ഏകാന്തതയില്‍ ആരുമറിയാതെ കിം കി ഡുക്ക് ടെന്റ് കെട്ടി താമസിച്ചു. അത്യാവശ്യ സൗകര്യങ്ങള്മാത്രമുള്ള ടെന്റില്‍ സ്ഥാപിച്ച ക്യാമറ കിമ്മിന്റെ ഏകാന്തതയും ഭ്രാന്തും പകര്‍ത്തി. മൂന്നു വര്‍ഷത്തിനുശേഷം തന്റെ ഏകാന്തവാസം പ്രമേയമായ ആരിരംഗ് എന്ന ഡോക്യുഫിക്ഷനുമായി കിം കി ഡുക്ക് തിരിച്ചെത്തി.
പ്രകൃതിയും താനും മാത്രമായുള്ള നീണ്ടകാലത്തെ സംവാദം കിം കി ഡുക്ക് എന്ന കലാകാരന്റെ മനസിലെ അസ്വസ്ഥതയുടെ കടലിരമ്പങ്ങളെ ശമിപ്പിച്ചിരുന്നു. ശാന്തമായ മാനുഷിക ഇടപെടലുകള്‍ തുടരുന്നതിനിടയില്‍ അപ്രതീക്ഷിതമായി പൊട്ടിവിടരുന്ന വയലന്‍സായിരുന്നു കിമ്മിന്െ്റ മുഖമുദ്ര.
നമ്മുടെ ഭാവനയ്ക്കതീതമായ അത്രയും ഭീകരവും വിചിത്രവുമായ വയലന്‍സാണ് സിനിമകളില്‍ കാണുന്നത്. ചോരചീറ്റിയും ലിംഗം മുറിച്ചും സ്ത്രീലിംഗത്തില്‍ ചൂണ്ടയിട്ടും അതു പ്രേക്ഷകരെ ഭയപ്പെടുത്തി. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ ലിംഗം മുറിച്ചുകളയാന്‍ ശ്രമിക്കുന്ന ഭാര്യ, അതു നടക്കാതെ പോകുമ്പോള്‍ ദേഷ്യമടങ്ങാതെ സ്വന്തം മകന്റെ ലിംഗം മുറിച്ച് ആ അവയവം വിഴുങ്ങുകകൂടി ചെയ്യുന്നു. ഇത്തരം സീനുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഭൂമിയിലെ എല്ലാറ്റിലും സൗന്ദര്യമുണ്ട്.
അത് നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞാല്‍ മതി എന്നാണ്. കുടുംബത്തിന്റെ കെട്ടുറപ്പും അവിടെ സ്ത്രീകള്‍ക്കുള്ള സ്ഥാനവും മോബിയസ്, െടെം, ബ്രെത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ കാണാന്‍ കഴിയും. പ്രേക്ഷകരെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന വയലന്‍സ് നിറഞ്ഞ ദൃശ്യങ്ങളിലൂടെ ബന്ധങ്ങളുടെ നിര്‍വചനങ്ങളെ പരിഹസിക്കാനും കിം മുതിര്‍ന്നു.
മോബിയസിലെ വയലന്‍സ് കാരണം കൊറിയയില്‍ പടം നിരോധിച്ചിരുന്നു. തുടര്‍ന്നു സെന്സറിങ്ങോടുകൂടിയാണ് അവിടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ പിയാത്തയിലും ഇത്തരത്തില്‍ സങ്കീര്‍ണവും അക്രമാസക്തവുമായ കുടുംബബന്ധം കാണാം. ജീവിതം മനോഹരമാണെന്ന സന്ദേശമാണ് തന്റെ സിനിമകളിലൂടെ പകരാന്‍ അദ്ദേഹം ശ്രമിച്ചത്. സ്പ്രിങ്, സമ്മര്‍ മോബിയസ് എന്നീ ചിത്രങ്ങളില്‍ ഹിംസയുടെ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ജീവിതത്തിന്റെ രണ്ടു വശങ്ങളായിരുന്നു ദൃശ്യമാക്കിയത്.





